ഗാന്ധിനഗർ: ഭാര്യയുടെ മുൻ കാമുകൻ അയച്ച പാഴ്‌സൽ ബോംബ് പൊട്ടിത്തെറിച്ച് ഭർത്താവും മകളും കൊല്ലപ്പെട്ടു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് പാഴ്സൽ വീട്ടിലെത്തിയത്. പാഴ്സൽ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 32 കാരനായ ജീത്തുഭായി സംഭവസസ്ഥലത്ത് തന്നെ മരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മകളായ ഭൂമികയ്ക്ക് (12) ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ജീത്തുഭായിയുടെ ഒൻപതും പത്തും വയസുള്ള മറ്റ് രണ്ട് പെൺമക്കൾക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടി വെന്റിലേറ്ററിലാണെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് ജീത്തുഭായിയുടെ ഭാര്യ വീടിന് പുറത്തായിരുന്നു.
31കാരനായ ജയന്തിഭായി ബാലുസിംഗ് ആണ് ഓട്ടോറിക്ഷയിൽ ജീത്തുഭായിയുടെ വീട്ടിലേക്ക് പാഴ്സൽ അയച്ചതെന്ന് പൊലീസ് പറയുന്നു. ടേപ്പ് റെക്കോർഡറിന്റെ രൂപത്തിലാണ് ബോംബ് ഉണ്ടായിരുന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പാഴ്സൽ കൊണ്ടുവന്ന ഓട്ടോറിക്ഷയെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ വിജയ് പട്ടേൽ പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രെെവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ജയന്തിഭായിയെ പിടികൂടിയത്. ബോംബ് പൊട്ടിത്തെറിച്ച് മണിക്കുറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
തന്റെ മുൻ കാമുകി ജീത്തുഭായിയെ വിവാഹം കഴിച്ചതിലുള്ള വിരോധം കാരണമാണ് വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജീത്തുഭായിയെ കൊല്ലനായിരുന്നു ലക്ഷ്യമെന്നും പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.