തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ പുതിയ ആരോപണം. നോ പാർക്കിംഗിൽ വാഹനം ഇടാൻ സമ്മതിക്കാത്തതിന് ആര്യാ രാജേന്ദ്രനും സച്ചിനും ഇടപെട്ട് ജോലി തെറിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരന്റെ ആരോപണം. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രബാബുവാണ് മേയർക്കും എംഎൽഎയ‌്ക്കുമെതിരെ രംഗത്തെത്തിയത്.
വഴുതയ‌്ക്കാട്ടെ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ എത്തിയ മേയർ വാഹനം അകത്തേക്ക് പ്രവേശിപ്പിക്കാൻ പറയുകയായിരുന്നു. സാധാരണഗതിയിൽ കെയർ ടേക്കറുടെ ഭാഗത്തു നിന്നും നിർദേശം ലഭിച്ചാൽ മാത്രമേ അന്യവാഹനങ്ങൾ കടത്തി വിടുകയുള്ളൂ. ആളിറങ്ങിയിട്ട് പാർക്കിംഗിലേക്ക് വാഹനം മാറ്റണമെന്ന് പറഞ്ഞത് മേയർക്കും സച്ചിൻ ദേവിനും ഇഷ്‌ടപ്പെട്ടില്ല. പ്രോട്ടോകോൾ അറിയില്ലേയെന്നാണ് മേയർ ചോദിച്ചത്. സാധാരണ ഒരു സെക്യൂരിറ്റിയായ താൻ എന്തിനാണ് മാഡം പ്രോട്ടോകോൾ അറിയുന്നതെന്ന് തിരിച്ചു ചോദിച്ചു. തുടർന്ന് വാഹനത്തിലെ ഡ്രൈവർ വണ്ടി അകത്തേക്ക് കൊണ്ടുപോയി. പിന്നീട് സച്ചിൻ ദേവ് മടങ്ങി വന്ന് ശരിയാക്കി തരാമെന്ന് പറഞ്ഞ് പോയി.
കുറച്ചു കഴിഞ്ഞ് മേയർ പാസ്‌പോർട്ട് ഓഫീസറോട് ബഹളം വയ‌്ക്കുകയും പരാതി പറയുകയും ചെയ‌്തു. തുടർന്ന് അവിടുത്തെ ചുമതലക്കാരനായ പള്ളിയിലെ അച്ചനെ കാര്യം അറിയിച്ചു. പത്ത് മിനിട്ടിനകം ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നുവെന്ന് ചന്ദ്രബാബു പറയുന്നു. ന്യൂസ് ഹണ്ട് എന്ന ഓൺലൈൻ ചാനലിനോടാണ് ഇദ്ദേഹം പ്രതികരിച്ചത്.