food

വീടിന്റെ മാത്രമല്ല നമ്മുടെയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നതാണ് വാസ്തു ശാസ്ത്രം. നിസാരമെന്ന് തോന്നുമെങ്കിലും വീട്ടിലെ ഓരോ വസ്‌തുക്കളുടെ സ്ഥാനവും അത് ക്രമീകരിച്ചിരിക്കുന്ന രീതിയും ചെയ്യുന്ന പ്രവൃത്തികളും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്. ഭക്ഷണം കഴിക്കുന്ന ദിശ പോലും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല. ശരിയായ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.

വാസ്തു ശാസ്ത്രത്തിൽ ഏത് ദിശയുടെ അഭിമുഖമായി ഇരുന്ന് വേണം ഭക്ഷണം കഴിക്കേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്.അവ ഏതാണെന്ന് നോക്കാം.

കിഴക്ക്: കിഴക്ക് ദിശക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനും ഇത് കാരണമാകുന്നു. പ്രായമായവരും രോഗികളും കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.

വടക്ക്: വടക്ക് ദിശക്ക് അഭിമുഖമായി ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് പണവും അറിവും കൂട്ടുന്നുവെന്നാണ് വാസ്തുവിൽ പറയുന്നത്. നിങ്ങളുടെ കരിയറിന്റെ വളർച്ചയ്ക്കും ഇത് നല്ലതാണ്. വിദ്യാർത്ഥിക്കളും യുവാക്കളും വടക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്.

പടിഞ്ഞാറ്: ബിസിനസ് മേഖലയിൽ ഉള്ളവർ പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ബിസിനസിലെ വളർച്ചയ്ക്ക് സഹായിക്കുന്നു.

തെക്ക്: യമദേവന്റെ ദിശയായി കണക്കാക്കുന്ന ദിശയാണ് തെക്ക്. അതിനാൽ അതിന് അഭിമുഖമായി ഇരുന്ന് ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

അതേസമയം, വീട്ടിലെ ഡെെനിംഗ് റൂമിന്റെ ദിശയും വാസ്തു പ്രകാരം നിർണയിക്കുന്നതാണ് നല്ലത്. വാസ്തു പ്രകാരം ഡെെനിംഗ് റൂം വീടിന്റെ പടിഞ്ഞാറ് ദിശയിലായിരിക്കണം വയ്ക്കാനുള്ളത്. ഇത് ശുഭവും ആരോഗ്യവും നൽകുന്നു.