ദിലീപിനെ നായകനാക്കി വിജി തമ്പിയുടെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് നാടോടി മന്നൻ. നെടുമൂടി വേണു അടക്കം പ്രധാന താരങ്ങൾ വേഷമിട്ട ചിത്രം വലിയ വിജയമായിരുന്നു. മേയറുടെ വേഷത്തിലെത്തിയ ദിലീപ് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. കൺട്രോൾഡ് ഡെമോളിഷൻ എന്ന സാങ്കേതികവിദ്യയിലൂടെ കെട്ടിടം പൊളിച്ചത്. ഗ്രാഫിക്സിലൂടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും ഷൂട്ടിംഗ് സമയത്ത് അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് സംവിധായകൻ വിജി തമ്പി. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് വിജി തമ്പി ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.
വിജി തമ്പിയുടെ വാക്കുകളിലേക്ക്...
'നാടോടി മന്നനിലെ ക്ലൈമാക്സ് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുമാറ്റുന്നതാണ്. അങ്ങനെ ഒരു ബിൽഡിംഗ് പൊളിച്ചുമാറ്റാൻ ഒന്നും സിനിമയ്ക്ക് സാധിക്കില്ലല്ലോ. കാക്കനാടുള്ള കിൻഫ്രയ്ക്കകത്ത് ഒരു ഗ്രൗണ്ടിലാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ഗ്രാഫിക്സിൽ ഒരു ഷോപ്പിംഗ് മാൾ ക്രിയേറ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തോളം എടുത്തു ചിത്രത്തിലെ ഗ്രാഫിക് വർക്കുകൾ തീർക്കാൻ'.
'അന്ന് ഒരുപാട് പേര് ചോദിച്ചു ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന്. ആൾക്കാർ വിശ്വസിക്കുന്ന രീതിയിൽ ചെയ്യേണ്ടെ. ഇതൊക്കെ അവിശ്വസിനീയമാണെന്ന് പലരും പറഞ്ഞു. ഇതുകഴിഞ്ഞ് നാലഞ്ചു വർഷം കഴിഞ്ഞ് മരടിൽ രണ്ട് ഫ്ളാറ്റ് പൊളിക്കുന്നു. ആ ഫ്ളാറ്റ് പൊളിക്കുന്നത് ഇതേ ടെക്‌നോളജി വച്ചിട്ടാണ്. കൺട്രോൾഡ് ഡെമോളിഷൻ ടെക്‌നോളജി ഉപയോഗിച്ചിട്ടാണ് ഫ്ളാറ്റ് പൊളിക്കുന്നത്. ഇതിലെ രസം എന്താണെന്ന് വച്ചാൽ, ഒരു ദിവസം രാവിലെ മുതൽ വീട്ടിൽ നിന്ന് കോൾ വന്നുകൊണ്ടിരിക്കുകയാണ്. ഫോൺ നോക്കിയപ്പോൾ, ഏഷ്യാനെറ്റിൽ നിന്ന് വിളിക്കുന്നു. മനോരമ വിളിക്കുന്നു, മാതൃഭൂമിയിൽ നിന്ന് വിളിക്കുന്നു. എല്ലാ ചാനലുകളിൽ നിന്നും കോൾ വന്നുകൊണ്ടിരിക്കുകയാണ്'.
'ഈ സമയത്ത് ടിവി വച്ചു നോക്കിയപ്പോഴാണ്, ഒരു സൈഡിൽ മരട് ഫ്ളാറ്റ് പൊളിക്കുന്നതും മറ്റേ സൈഡിൽ നാടോടിമന്നന്റെ വിഷ്വൽ കാണിച്ചുകൊണ്ടിരിക്കുന്നു. ചാനലിൽ നിന്ന് വിളിച്ച് എന്റെ ബൈറ്റ് വേണം എന്നുപറയുന്നു. സിനിമ ഇറങ്ങിയത് 2013ൽ ആയിരുന്നു. 2020ലോ മറ്റോ ആണ് മരടിലെ സംഭവം നടക്കുന്നത്. ഇത്രയും വർഷം കഴിഞ്ഞിട്ടും സിനിമയിൽ കാണിച്ച അതുപോലെയുള്ള വിഷ്വൽ യഥാർത്ഥത്തിൽ സംഭവിച്ചു. ആറ് വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ കാണിച്ചത് നമ്മുടെ കൺമുന്നിൽ അത് സാദ്ധ്യമായി'- വിജി തമ്പി പറഞ്ഞു.