w

ലക്‌നൗ: മുതിർന്ന സി.പി.ഐ നേതാവും പാർട്ടി ദേശീയ സെക്രട്ടറിയുമായ അതുൽ കുമാർ അൻജാൻ (69)​ അന്തരിച്ചു. ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 3.45 നായിരുന്നു അന്ത്യം. ഏറെ നാളായി പ്രോസ്‌റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നു. അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ച തിരിഞ്ഞ് ഗോമതി നദീ തീരത്തെ ഭയ്സാകുണ്ഡ് ശ്‌മശാനത്തിൽ.

1955ൽ ഉത്തർപ്രദേശിൽ ജനനം. പിതാവ് ഡോ. എ.പി. സിംഗ് സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.

1977 ൽ ലക്‌നൗ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിലേക്ക്. തുടർച്ചയായി നാല് തവണ യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായി. 1978ൽ എ. ഐ. എസ്. എഫ് ഉത്തർപദേശ് സംസ്ഥാന പ്രസിഡന്റായിരുന്നു. വിവിധ കാലയളവിൽ നാല് വർഷവും ഒൻപത് മാസവും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ പ്രവിശ്യാ സായുധ പൊലീസിന്റെ ( പി. എ. സി ) പ്രക്ഷോഭത്തിലെ പ്രധാന വ്യക്തിയായിരുന്നു. നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.