ഇസ്താംബുൾ: ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിറുത്തിവച്ച് തുർക്കി. ഗാസയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടി. ഗാസയിലേക്ക് തടസമില്ലാതെ ആവശ്യമായ അളവിൽ മാനുഷിക സഹായങ്ങൾ എത്താൻ ഇസ്രയേൽ അനുവദിക്കുന്നത് വരെ നിരോധനം തുടരുമെന്ന് തുർക്കി വ്യാപാര മന്ത്രാലയം അറിയിച്ചു. ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 700 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടെയിൽ നടന്നത്. അതേസമയം, തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ ഏകാധിപതിയെ പോലെ പെരുമാറുകയാണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. എർദോഗന്റെ നടപടി തുർക്കി ജനതയുടെയും വ്യവസായികളുടെയും താത്പര്യത്തിനും അന്താരാഷ്ട്ര വ്യാപാര കരാറുകൾക്കും എതിരാണെന്ന് കാറ്റ്സ് കൂട്ടിച്ചേർത്തു.