കൊച്ചി: രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ ഗോദ്‌റേജ് ഗ്രൂപ്പ് വിഭജിക്കുന്നു. കുടുംബ ധാരണയനുസരിച്ച് ഗോദ്‌റേജ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് 82 വയസുള്ള ആദി ഗോദ്‌റേജിന്റെയും സഹോദരൻ 74 വയസുള്ള നദീർ ഗോദ്‌റേജിന്റെയും കീഴിലാകും. ഗോദ്‌റേജ് ആൻഡ് ബോയ്സ്, ഗോദ്‌റേജ് എന്റർപ്രൈസസ് എന്നിവ സഹോദരങ്ങളായ 75 വയസുള്ള ജാംഷദ് ഗോദ്‌റേജിന്റെയും 74 വയസുള്ള സ്മിത ഗോദ്‌റേജ് കൃഷ്ണയുടെയും നിയന്ത്രണത്തിലാകും. ആദിയുടെയും നദീറിന്റെയും പിതൃ സഹോദരന്റെ മക്കളാണിവർ.
സഹോദരങ്ങളായ അർദേഷിർ ഗോദ്‌റേജും പിരോജ്ഷ ഗോദ്‌റേജും 1897ൽ ഗോദ്‌റേജ് ബ്രദേഴ്സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി ആരംഭിച്ച കമ്പനി പിന്നീട് പൂട്ടുകളുടെ ഉത്പാദനത്തിലേക്ക് കടന്ന് വൻ വളർച്ചയുമായി ഇന്ത്യയിലെ മുൻനിര ബിസിനസ് ഗ്രൂപ്പായി വളരുകയായിരുന്നു. അർദേഷിറിന് മക്കളില്ലാത്തതിനാൽ പിരോജ്ഷയുടെ നാല് മക്കളാണ് അടുത്ത തലമുറയിൽ കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തത്. ഇവരിൽ ബർജോർ ഗോദ്‌റേജിന്റെ മക്കളാണ് ആദിയും നദീറും. നവാൽ ഗോദ്‌റേജിന്റെ മക്കളാണ് ജാംഷദും സ്മിതയും.
ഗോദ്‌റേജ് ഇൻഡസ്ട്രീസ്, ഗോദ്‌റേജ് കൺസ്യൂമർ പ്രോഡക്‌ട്സ്, ഗോദ്‌റേജ് പ്രോപ്പർട്ടീസ് എന്നിവയടങ്ങുന്ന വിഭാഗം ആദി, നദീർ എന്നിവരുടെ നിയന്ത്രണത്തിലാകും. നദീറായിരിക്കും ചെയർമാൻ. 2026 ആഗസ്റ്റിൽ അദ്ദേഹം ഒഴിയുമ്പോൾ ആദിയുടെ മകൻ പിരോജ്‌ഷ ഗോദ്‌റേജ് ചെയർമാനാകും. ഗോദ്‌റേജ് എന്റർപ്രൈസസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ജാംഷദ് ഗോദ്‌റേജ് ചുമതലയേൽക്കും.