മുംബയ്: മഹാരാഷ്ട്രയിലെ താനെ സീറ്റ് ശിവസേനയ്ക്ക് നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പിയിൽ കൂട്ടരാജി. താനെ ജില്ലയിലെ പാർട്ടി ഭാരവാഹികളും കോർപ്പറേഷൻ കൗൺസിലർമാരും സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയ്ക്ക് രാജിക്കത്ത് അയച്ചു. മുംബയ് മേഖലയിലെ മൂന്ന് മണ്ഡലങ്ങളടക്കം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 15 സീറ്റുകളാണ് നൽകിയിരുന്നത്.
താനെയിൽ ബി.ജെ.പി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അവസാന ചർച്ചയിൽ ഷിൻഡെ വിഭാഗത്തിനു നൽകുകയായിരുന്നു. താനെ മുൻ മേയർ നരേഷ് മാസ്‌കെയാണ് ശിവസേന സ്ഥാനാർത്ഥി. നരേഷിനു പകരം മുതിർന്ന നേതാവ് ഗണേഷ് നായിക്കിന്റെ മകൻ സഞ്ജീവ് നായിക്കിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആവശ്യം.
മുംബയ് സൗത്ത്, നോർത്ത് വെസ്റ്ര് എന്നിവിടങ്ങളിലെ ശിവസേന സ്ഥാനാർത്ഥികൾക്കെതിരെയും ബി.ജെ.പി പ്രതിഷേധമുണ്ട്. മുംബയ് സൗത്തിൽ യാമിനി ജാദവും നോർത്ത് വെസ്റ്റിൽ രവീന്ദ്ര വൈകാറുമാണ് മത്സരിക്കുന്നത്.