നിക്ഷേപകൻ എന്നു കേട്ടാൽ, വൻകിട ബാങ്കുകളിലോ ബിസിനസ് സ്ഥാപനങ്ങളിലോ ഒക്കെ ദശകോടികളുടെ നിക്ഷേപമുള്ള അതിസമ്പന്നരുടെ രൂപമേ നമ്മുടെ മനസിൽ വരൂ. ദിവസക്കൂലിക്കാരും ചെറുകിട കർഷകരുമൊക്കെയായ അതിസാധാരണക്കാർ പെൺമക്കളുടെ വിവാഹമോ ഉറ്റവരുടെ ചികിത്സയോ വീടുപണിയോ ഒക്കെ ഉദ്ദേശിച്ച് സ്വന്തം പ്രദേശത്തെ സഹകരണ ബാങ്കുകളിൽ വിശ്വാസപൂർവം ഏല്പിച്ചിരിക്കുന്ന നാലും അഞ്ചും ലക്ഷം രൂപയുടെ നിക്ഷേപം അവരുടെ കണക്കിൽ വലിയ നീക്കിയിരിപ്പാണ്. അവരും നിക്ഷേപകരാണ്. ഭരണസമിതിക്കാരും ഉദ്യോഗസ്ഥരും കൂടി ഈ നിക്ഷേപമെടുത്തു മറിച്ചതിന്റെ ദുരന്തകഥകളാണ് കുറേക്കാലമായി കരുവന്നൂരിൽ നിന്നും കണ്ടലയിൽ നിന്നുമൊക്കെ കേട്ടുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിലെ പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ എടുക്കാനാകാഞ്ഞ് ജീവനൊടുക്കിയ മരുതത്തൂർ സ്വദേശി സോമസാഗരം എന്ന കർഷകന്റെ ദുരനുഭവം അക്കൂട്ടത്തിൽ ഒടുവിലത്തേതാണ്.
പാട്ടത്തിനെടുത്ത നിലത്ത് വാഴക്കൃഷിയും മറ്റും ചെയ്ത്, തുച്ഛവരുമാനത്തിൽ നിന്ന് കഷ്ടപ്പെട്ട് മിച്ചംപിടച്ച പണമാണ് പലപ്പോഴായി സോമസാഗരം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്- ആകെ ആറുലക്ഷം രൂപ. മകളുടെ വിവാഹവും വീടിന്റെ അറ്റകുറ്റപ്പണിയുമായിരുന്നു മനസിൽ. ഒരു ലക്ഷം രൂപ പലതവണയായി തിരികെയെടുത്തു. മകളുടെ വിവാഹം പെട്ടെന്ന് നടത്തണമെന്ന സാഹചര്യം വന്നപ്പോൾ മുഴുവൻ തുകയും ആവശ്യപ്പെട്ട് സോമസാഗരം ബാങ്കിന്റെ പടിചവിട്ടാൻ തുടങ്ങിയിട്ടു തന്നെ ഒരുവർഷത്തോളമായി. പണം ഒരുമിച്ച് തരാനില്ലെന്ന ബാങ്കിന്റെ മറുപടി കേട്ടുകേട്ട് നിവൃത്തികെട്ടാണ് നിസ്സഹായനായ ആ നിക്ഷേപകൻ മനംനൊന്ത് ജീവനൊടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം 19 ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ അദ്ദേഹം, ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണമടഞ്ഞു. തൃശൂർ കരുവന്നൂർ ബാങ്കിലെ ഒരു നിക്ഷേപകനും നേരത്തേ ഇതേ സാഹചര്യം നേരിടേണ്ടിവന്നപ്പോൾ ജീവനൊടുക്കിയിരുന്നു. പല സഹകരണ ബാങ്കുകളുമായും ബന്ധപ്പെട്ട ഇടപാടുകൾ പലതും കേസാവുകയും, നിയമനടപടികൾ തുടർന്നുവരികയും ചെയ്യുന്നതിനിടെയാണ് പെരുമ്പഴുതൂരിലെ ദുരന്തം.
ലോകത്തെവിടെയും ഏതു സാമ്പത്തിക ഇടപാടുകളുടെയും നിലനില്പ് വിശ്വാസ്യതയെന്ന ഒരൊറ്റ ഘടകത്തിന്റെ അസ്തിവാരത്തിലാണ്. അതായത്, നിക്ഷേപകന്റെ പണവുമായി സ്ഥാപന ഉടമ മുങ്ങില്ലെന്ന വിശ്വാസം. വാഗ്ദാനം ചെയ്ത പലിശ കൃത്യമായി കിട്ടുമെന്ന വിശ്വാസം. പിന്നെ, ഏതുഘട്ടത്തിൽ ആവശ്യപ്പെട്ടാലും മുഴുവൻ പണവും തിരികെക്കിട്ടുമെന്ന വിശ്വാസം. ഇതിൽ ഏതു ഭാഗത്ത് വീഴ്ച സംഭവിച്ചാലും തകരുന്നത് ബാങ്കിന്റെ വിശ്വാസ്യതയാണ്. പെരുമ്പഴുതൂരിൽ, നിക്ഷേപകന് മുഴുവൻ പണവും യഥാസമയം തിരികെനല്കാതിരുന്നതിന് ബാങ്ക് അധികൃതർ പറയുന്ന ന്യായമാണ് അതിവിചിത്രം! ആവശ്യത്തിന്റെ തീവ്രതയെക്കുറിച്ച് നിക്ഷേപകൻ ബാങ്കിനെ ബോദ്ധ്യപ്പെടുത്തുകയോ, പണം തിരികെക്കിട്ടിയേ മതിയാകൂ എന്ന് കർശനമായി പറയുകയോ ചെയ്തില്ല പോലും! അതായത്, നിക്ഷേപകൻ ആത്മഹത്യാഭീഷണി മുഴക്കിയില്ല!
ആത്മഹത്യ ചെയ്ത സോമസാഗരത്തിന്റെ കുടുംബം ആവശ്യപ്പെട്ടാൽ ബാക്കിയുള്ള തുക മുഴുവൻ എപ്പോൾ വേണമെങ്കിലും നല്കുന്നതിന് തടസമില്ലെന്നാണ് ബാങ്ക് സെക്രട്ടറി പറഞ്ഞത്. ഈ ആവശ്യമല്ലേ ഒരു വർഷത്തോളമായി ആ നിക്ഷേപകൻ ഉന്നയിച്ചുകൊണ്ടിരുന്നത്! പണം തിരികെനല്കാൻ തടസമില്ലായിരുന്നെങ്കിൽ, ബാക്കിയുള്ള അഞ്ചുലക്ഷത്തിൽപ്പരം രൂപ കൃത്യസമയത്ത് നല്കിയിരുന്നെങ്കിൽ, ആ മനുഷ്യൻ ഇപ്പോഴും ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുമായിരുന്നു. വീട് പുതുക്കിപ്പണിതും, മകളുടെ വിവാഹം നടത്തിയും ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്വങ്ങൾ അഭിമാനത്തോടെ നിറവേറ്റുമായിരുന്നു! ഇപ്പോൾ ആ നിക്ഷേപത്തിനുള്ളത് സോമസാഗരത്തിന്റെ ജീവന്റെ വിലയാണ്! ഏതു ചെറിയ നിക്ഷേപത്തിനു പിന്നിലും ഇത്തരം ജീവിതസ്വപ്നങ്ങളുണ്ടെന്ന് അറിയണം. പ്രായശ്ചിത്തത്തിനൊന്നും പഴുതില്ലാതിരിക്കെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്.