reels

ഹരിദ്വാർ: ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് 20കാരി മരിച്ചു. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. ഹരിദ്വാർ റൂർക്കി കോളേജ് ഓഫ് എൻജിനീയറിംഗ് വിദ്യാർത്ഥി വെെശാലിയാണ് ട്രെയിനിടിച്ച് മരിച്ചത്. ഇന്നലെ വെെകിട്ടായിരുന്നു സംഭവമുണ്ടായത്. വെെശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

വെെശാലിയും സുഹൃത്തുക്കളും റഹീംപൂർ റെയിൽവേ ക്രോസിന് സമീപമുള്ള ട്രാക്കിൽ വച്ച് റീൽ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ട്രാക്കിൽ റീൽ ചിത്രീകരിക്കുന്നതിനിടെ അതിലൂടെ വന്ന ബാർമർ എക്‌സ്പ്രസ് ട്രെയിൻ വെെശാലിയെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വെെശാലി മരിച്ചെന്നും പൊലീസ് വ്യക്തമാക്കി. വിവരം അറിഞ്ഞെത്തിയ പൊലീസാണ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് ഗംഗനഹർ പൊലീസ് അറിയിച്ചു.

ഹരിദ്വാറിലെ ഹരിപൂർ ടോംഗിയ ഗ്രാമത്തിലാണ് വെെശാലി താമസിച്ചിരുന്നത്. ഇപ്പോൾ അമ്മാവനൊപ്പം റൂർക്കിയിൽ താമസിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ലെെക്കും കമന്റും ലഭിക്കാൻ ഇത്തരത്തിൽ സാഹസികമായ വീഡിയോകൾ ചിത്രീകരിക്കുന്നത് വർദ്ധിച്ച് വരുകയാണെന്നും യുവാക്കൾ ഇതിൽ നിന്ന് പിന്മാറണമെന്നും പൊലീസ് പറഞ്ഞു. വിഷയത്തിൽ യുവാക്കളിൽ ബോധവത്കരണം നടത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും സമാനമായ സംഭവം നടന്നിരുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ കുറച്ച് കോളേജ് വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് 20കാരൻ മരിച്ചിരുന്നു.