തിരുവനന്തപുരം: 'ലാഭമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വരുമാനം ചോരുന്ന സ്ഥലങ്ങള്‍ അടയ്ക്കുകയെന്നതിനാണ് പ്രധാന പരിഗണന'. ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകളാണിത്. വകുപ്പിനേയും കെഎസ്ആര്‍ടിസിയേയും രക്ഷപ്പെടുത്തിയെടുക്കാന്‍ മന്ത്രി നന്നായി അദ്ധ്വാനിക്കുന്നുണ്ടെങ്കിലും ജീവനക്കാരില്‍ വലിയൊരു വിഭാഗം കെഎസ്ആര്‍ടിസി രക്ഷപ്പെടണം എന്ന യാതൊരു ആഗ്രഹവും ഇല്ലാത്തവരാണെന്നാണ് മന്ത്രിയുടെ തന്നെ മണ്ഡലത്തിലെ ഡിപ്പോയില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നത്.
ഏപ്രില്‍ മാസം 29,30 തീയതികളില്‍ 14 ജീവനക്കാരാണ് അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതെ മാറി നിന്നത്. ഇതില്‍ പത്ത് പേര്‍ സ്ഥിരം ജീവനക്കാരാണ്. ഇവരെ സ്ഥലം മാറ്റുകയും ബാക്കിയുള്ളവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയുമാണ് അച്ചടക്ക നടപടി സ്വീകരിച്ചിക്കുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തതോടെ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും കെ.എസ്.ആര്‍.ടി.സിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.
കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാമാര്‍ഗ്ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികള്‍ ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും സിഎംഡി വ്യക്തമാക്കി.