isl

ഐ.എസ്.എൽ പത്താം സീസൺ ഫൈനൽ ഇന്ന്

പോരാട്ടം ബഗാനും - മുംബയ്‌യും തമ്മിൽ

കൊൽക്കത്ത: ഐ.എസ്.എൽ പത്താം സീസണിലെ ചാമ്പ്യനാരെന്ന് ഇന്ന് രാത്രി അറിയാം. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പ‌ർ ജയ്‌ന്റ്സും മുൻ ചാമ്പ്യന്മാരായ മുംബയ് സിറ്റി എഫ്.സിയും തമ്മ ിലുള്ല കലാശപ്പോരാട്ടത്തിന്റെ കിക്കോഫ് രാത്രി 7.30നാണ്. ഇത്തവണത്തെ ഐ.എസ്.എൽ ഷീൽഡ് ജേതാക്കൾ കൂടിയായ ബഗാന്റെ തട്ടകമായ സാൾട്ട് ലേക്കിലാണ് ഫൈനൽ പോരാട്ടം. ലീഗ് ഘട്ടത്തിൽ ബഗാൻ ഒന്നാം സ്ഥാനക്കാരായും മുംബയ് രണ്ടാം സ്ഥാനക്കാരായുമാണ് ഫിനിഷ് ചെയ്തത്.

പ്രതീക്ഷയോടെ ബഗാൻ

സീസണിൽ ട്രെബിൾ ലക്ഷ്യം വച്ചാണ് ബഗാൻ ഐ.എസ്.എൽ ഫൈനലിനിറങ്ങുന്നത്. സീസണിന്റെ തുടക്കത്തിൽ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയ ബഗാൻ ഐ.എസ്.എൽ ആദ്യപാദം പിന്നിടുമ്പോൾ അഞ്ചാംസ്ഥാനത്തായിരുന്നു. തുടർന്ന് ജുവാൻ ഫെറാൻഡോയ്ക്ക് പകരം അന്റോണിയോ ഹബാസിനെ ബഗാൻ പരിശീലകനായി വീണ്ടും നിമയമിച്ചു. പിന്നീട് താളം കണ്ടെത്തിയ ബഗാൻ കഴിഞ്ഞ ഏപ്രിൽ 15 ന് മുംബയ് സി‌റ്റിയെ 2-1ന് കീഴടക്കിഐ.എസ്.എൽ ഷീൽഡ് നേടി. ഇന്ന് മുംബയ്‌യെ കീഴടക്കിയാൽ ബഗാന് സീസണിൽ ഹാട്രിക്ക് കീരീട നേട്ടം സ്വന്തമാക്കാം.

മലയാളി താരം സഹൽ അബ്ദുൾ സമദ്, ലിസ്‌റ്റൺ കൊളാക്കോ, ദിമിത്രി പെട്രാറ്റോസ് തുടങ്ങിയ മാച്ച് വിന്നർമാരുടെ സംഘമായ ബഗാൻ വലിയ ആത്മ വിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്. വിലക്ക് കിട്ടിയ അർമാൻഡോ സാദികുവിന് കളിക്കാനാകാത്തത് ബഗാന് തിരിച്ചടിയാണ്. ആകാശ് മിശ്ര ഇകർ ഗുവാറോറ്റ്സന എന്നിവരും കളിക്കില്ല.

മിന്നാൻ മുംബയ്

സീസണിൽ ഇടയ്ക്ക് മുന്നിലായിരുന്നെങ്കിലും ഷീൽഡ് കൈവിട്ടതിന്റെ ദു:ഖം കിരീടം നേടി മറക്കാമെന്ന പ്രതീക്ഷയിലാണ് മുംബയ് ഇന്ന് ബൂട്ടുകെട്ടുന്നത്. 2020-21 സീസണിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട മൈതാനത്ത് നടന്ന ഫൈനൽ പോരാട്ടത്തിൽ അന്ന് ഹബാസ് പരിശീലിപ്പിച്ച എ.ടി.കെ മോഹൻ ബഗാനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1ന് കീഴടക്കിയാണ് മുംബയ് ആദ്യമായി ഐ.എസ്.എൽ ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ ഷീൽഡ് നേടിയെങ്കിലും ഫൈനലിൽ എത്താൻ അവർക്കായില്ല. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഏഴാം നമ്പർ താരം ലാല്ലിയൻസുവാല ചാംഗ്‌തെയാണ് മുംബയ്‌യുടെ തുറുപ്പ് ചീട്ട്. വിക്രം പ്രതാപ് സിംഗ്,ജോർഗെ പെരേര ഡയസ്, രാഹുൽ ഭേകെ,തിരി തുടങ്ങി പ്രതിഭാധനരുടെ സംഘമാണ് മുംബയ്.

നേർക്കുനേർ

ഇതുവരെ 9 മത്സരങ്ങളിൽ ഇരുടീമും മുഖാമുഖം വന്നു. 6ലും മുംബയ്ക്ക് ജയം. 2 എണ്ണം സമനിലയായി, 1 തവണ ബഗാൻ ജയിച്ചു.

ഫൈനലിൽ എത്തിയത്.

ബഗാൻ

ലിഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ്

സെമിയിൽ ഇരുപാദങ്ങളിലുമായി ഒഡിഷയെ 3-2ന് കീഴടക്കി.

മുംബയ്

ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു

സെമിയിൽ ഗോവയെ ഇരുപാദങ്ങളിലുമായി 5-2ന് തോൽപ്പിച്ചു.