കൊച്ചി: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കീഴ് താടിക്കും പരിക്കുണ്ട്. മുറിക്കുള്ളിൽ വച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണകാരണമായ പരിക്ക് സംഭവിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി യുവതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞതായി ഇരുപത്തിമൂന്നുകാരിയായ യുവതി സമ്മതിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. യുവതി ഗർഭിണിയായിരുന്നുവെന്നോ പ്രസവിച്ചതോ കുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞതോ രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
പുലർച്ചെ അഞ്ചുമണിയോടെ ടോയ്‌ലറ്റിനുള്ളിലായിരുന്നു പ്രസവിച്ചത്. അതിനുശേഷം മൂന്നുമണിക്കൂർ കഴിഞ്ഞാണ് പൊക്കിൾക്കൊടിപോലും മുറിക്കാത്ത കുഞ്ഞിനെ പാഴ്സൽ കവറിലാക്കി താഴേക്ക് വലിച്ചെറിഞ്ഞത്. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ താഴേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു.
സംഭവത്തിൽ യുവതി ലൈംഗിക പീഡനത്തിനിരയായതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. യുവതിയെ പീഡിപ്പിച്ചെന്ന് കരുതുന്ന ആളെ തിരിച്ചറിഞ്ഞതായും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.