vandebharat

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്‌പ്രെസ് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തി റെയില്‍വേ. നേരത്തെ ഒരു ലിറ്റര്‍ കുപ്പിവെള്ളം നല്‍കിയിരുന്നത് അര ലിറ്റര്‍ ആയിട്ടാണ് കുറച്ചിരിക്കുന്നത്. കടുത്ത വേനലും ജലദൗര്‍ലഭ്യതയും കണക്കിലെടുത്താണ് തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. ഒരു ലിറ്റര്‍ വെള്ളം വാങ്ങിയ ശേഷം പലരും പകുതിയില്‍ കൂടുതല്‍ പാഴാക്കുകയാണ് ചെയ്യുന്നത്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം.

ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ പലപ്പോഴും അവര്‍ക്ക് ഒരു ലിറ്റര്‍ വെള്ളം ആവശ്യം വരില്ല. വന്ദേഭാരതില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കിന്റെ ഭാഗമായി വെള്ളം സൗജന്യമായാണ് നല്‍കുന്നത്. അതേസമയം അര ലിറ്റര്‍ വെള്ളം ഉപയോഗിച്ച ശേഷം വീണ്ടും ആവശ്യപ്പെടുന്നവര്‍ക്ക് അര ലിറ്റര്‍ വെള്ളം കൂടി നല്‍കും. ഇതിന് പണം നല്‍കേണ്ടതില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ശതാബ്ദി ട്രെയിനുകളിലും ഈ നീക്കം നടപ്പിലാക്കിയിട്ടുണ്ട്. ശതാബ്ദിയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കും 500 മില്ലി ലിറ്റര്‍ ബോട്ടില്‍ ലഭിക്കും. ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ റെയില്‍വേ കോച്ചുകളും പ്ലാറ്റ്‌ഫോമുകളും വൃത്തിയാക്കുന്നതിനു റീസൈക്കിള്‍ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. 32 റീസൈക്ലിങ് പ്ലാന്റുകളിലൂടെ ദിവസേന ഏകദേശം ഒരു കോടി ലിറ്റര്‍ വെള്ളമാണ് റീസൈക്കിള്‍ ചെയ്‌തെടുക്കുന്നത്.