d

തിരുവനന്തപുരം : കനത്ത ചൂടിനെ തുടർന്ന് വൈദ്യുത ഉപഭോഗം കൂടിയതിനെ തുടർന്ന് സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാത്രി ഏഴിനും അർദ്ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.

പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇടവിട്ടുള്ള നിയന്ത്രണത്തിനാണ് സാദ്ധ്യത. മണ്ണാർക്കാട്,​ അലനല്ലൂർ,​ കൊപ്പം,​ ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളിൽ നിയന്ത്രണത്തിനു ചീഫ് എൻജിനീയർമാരെ കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയിരുന്നു.

നേരത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെ.എസ്.ഇ.ബി മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർ‌ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളിൽ എ.സിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിൽ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെ.എസ്.ഇ.ബി സർക്കാരിന് റിപ്പോർട്ട് നൽകും. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബി നിർദ്ദേശിച്ചു.