പ്രണയ ബന്ധങ്ങളിലെ ചതിയും പ്രതികാരവും പലപ്പോഴും സിനിമകളില്‍ പോലും പ്രമേയമാകാറുണ്ട്. ചിലര്‍ എത്ര വലിയ വഞ്ചനയ്ക്ക് ഇരയായാലും പങ്കാളിയോട് ക്ഷമിച്ചെന്നിരിക്കും എന്നാല്‍ മറ്റൊരു വിഭാഗം ചെയ്യുക കനത്ത പ്രതികാര നടപടികളുമായി മുന്നോട്ട് പോകുകയെന്നതാകും. അത്തരത്തില്‍ തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്. യുവതിയുടെ സുഹൃത്താണ് ഒരു പോഡ്കാസ്റ്റില്‍ ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം പുറത്ത് അറിയിച്ചത്.
നന്നായി മുന്നോട്ട് പോവുകയായിരുന്ന പ്രണയബന്ധത്തില്‍ നിന്ന് പെട്ടെന്ന് കാമുകന്‍ പിന്‍മാറുന്നതായി കാമുകിയെ അറിയിച്ചു. ഒരു മുന്നറിയിപ്പോ പറയത്തക്ക പ്രശ്‌നങ്ങളോ ഒന്നുമില്ലാതെയുള്ള ഈ പിന്‍മാറ്റം കാമുകിയില്‍ സംശയങ്ങളുണ്ടാക്കി. പട്ടാളത്തില്‍ ജോലി ചെയ്യുന്നയാളായിരുന്നു കാമുകന്‍. ഒരു ദിവസം ഫോണില്‍ വിളിച്ചാണ് പെട്ടെന്ന് പ്രണയത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. പെട്ടെന്നുള്ള പിന്‍മാറ്റം യുവതിയെ അല്‍പം ബുദ്ധിമുട്ടിലാക്കിയെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ അവള്‍ തയ്യാറായിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇരുവരും ചേര്‍ന്ന് നേരത്തെ തന്നെ ഒരു അവധിക്കാല ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നു. സ്‌പെയിനിലെ ലാന്‍സരോട്ടെയിലേക്കായിരുന്നു ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാത്തതിനാല്‍ പോവേണ്ടതില്ലെന്ന് തീരുമാനിക്കുമെന്നാണ് യുവതി കരുതിയത്. എന്നാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടതില്ലെന്നും താന്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ പദ്ധതിയിടുകയാണെന്ന് കാമുകന്‍ പറഞ്ഞു. കാമുകിയുടെ ടിക്കറ്റിന്റെ പണം തിരികെ നല്‍കാമെന്നും ഉറപ്പ് നല്‍കുകയും ചെയ്തു.
യുവതിയായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. അതുകൊണ്ട് തന്നെ അവളുടെ മൊബൈലിലേക്ക് ടിക്കറ്റിന്റെ വിശദാംശങ്ങള്‍ എത്തിയപ്പോഴാണ് ഞെട്ടിപ്പോയത്. അമ്മയ്‌ക്കൊപ്പമാണ് യാത്ര എന്ന് പറഞ്ഞ് കാമുകന്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് അവര്‍ക്ക് മനസ്സിലായത് തന്റെ പേരിന് പകരം മറ്റൊരു യുവതിയുടെ പേര് കണ്ടപ്പോഴാണ്.തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെയും കൊണ്ട് സ്‌പെയിനിലേക്ക് പോകാനുള്ള കാമുകന്റെ പദ്ധതിയായിരുന്നു അത്. അത് പൊളിക്കണമെന്ന് തന്നെ അവള്‍ തീരുമാനിച്ചു.
സ്‌പെയിനിലേക്കുള്ള ടിക്കറ്റ് അവള്‍ തന്നെ ട്രാവല്‍ വെബ്‌സൈറ്റില്‍ കയറി ക്യാന്‍സല്‍ ചെയ്തി. ട്രിപ്പ് പോവുന്നതിന്റെ തലേദിവസമാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തത്. അതിനാല്‍ പണം മുഴുവനും നഷ്ടമാകുകയും ചെയ്തു. താനുമായി പ്രണയത്തിലായിരിക്കുമ്പോഴാണ് ടിന്‍ഡര്‍ വഴി പരിചയപ്പെട്ട മറ്റൊരു യുവതിയുമായി സൈനികന്‍ അടുപ്പത്തിലായത്. ഇതോടെയാണ് തന്നെ ഒഴിവാക്കിയതെന്നും യുവതിക്ക് മനസ്സിലായത്. തുടര്‍ന്നാണ് ഇത്തരമൊരു നടപടിയിലേക്ക് അവള്‍ കടന്നതെന്നും സുഹൃത്ത് വെളിപ്പെടുത്തി.