ivanvukomanovic

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ വെെകാരിക കുറിപ്പ് പങ്കുവച്ച് ഇവാന്‍ വുക്കോമനോവിച്ച്. മൂന്ന് സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിച്ച അദ്ദേഹം എല്ലാ സീസണിലും ടീമിനെ പ്ലേ ഓഫില്‍ എത്തിച്ചിരുന്നു. 2021-22 ല്‍ തന്റെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

വിവിധ പരിശീലകര്‍ പത്ത് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തെ ആയിരുന്നു. സ്‌നേഹത്തോടെ മലയാളികള്‍ അദ്ദേഹത്തെ ആശാന്‍ എന്ന് വിളിക്കുകയും ചെയ്തിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി വലിയ അടുപ്പവും ആത്മബന്ധവും പുലര്‍ത്തുന്ന വ്യക്തികൂടിയായിരുന്നു ഇവാന്‍ വുക്കോമനോവിച്ച്. അതിനാൽ തന്നെ പടിയിറങ്ങുനേരം മലയാളികളെ ഓർക്കാനും അദ്ദേഹം മറന്നില്ല.

' പ്രിയപ്പെട്ട കേരള, കണ്ണുനനയാതെ വെെകാരികമാകാതെ ഈ വാക്കുകൾ എഴുതുകയെന്നത് കഠിനമാണ്. ജിവിതത്തിൽ മുന്നോട്ട് പോകുമ്പോൾ പല തീരുമാനങ്ങളും എടുക്കേണ്ടിവരും. എന്നെ സംബന്ധിച്ചും ക്ലബിനെ സംബന്ധിച്ചും രാജിവയ്ക്കുക എന്ന തീരുമാനം കഠിനമായിരുന്നു. കേരളത്തിൽ എത്തിയ നിമിഷം മുതൽ ബഹുമാനവും പിന്തുണയും സ്നേഹവും നന്ദിയും അനുഭവിച്ചു. ഇവിടത്തെ ജനങ്ങളുമായി പെട്ടെന്ന് തന്നെ ഒരു ബന്ധം ഉണ്ടായി. എല്ലാവർക്കും നന്ദി, എന്റെ കുടുംബത്തിൽ നിന്ന് ദൂരെയായിരുന്നിട്ട് പോലും ഒരിക്കലും ഞാൻ തനിച്ചായിരുന്നില്ല. നിങ്ങൾ എനിക്ക് കുടുംബവും വീടുമായി മാറി', ഇവാന്‍ വുക്കോമനോവിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by Ivan Vukomanovic (@ivanvukomanovic19)