കപ്പൽ ഇറാന്റെ കസ്റ്റഡിയിൽ തന്നെ

ടെഹ്റാൻ:പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചെന്ന് ഇറാൻ. എന്നാൽ കപ്പൽ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമീറബ്ദുള്ളാഹിയാൻ അറിയിച്ചു. 17

ഇന്ത്യക്കാരുൾൾപ്പെടെ 25 ജീവക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ ഏക വനിതയും മലയാളിയുമായ ആൻ ടെസ ജോസഫിനെ നേരത്തെ വിട്ടയച്ചിരുന്നു.

മനുഷ്യത്വപരമായ കാരണങ്ങളാലാണ് ജീവനക്കാരെ മോചിപ്പിക്കുന്നതെന്നും അവർക്കും കപ്പലിന്റെ ക്യാപ്റ്റനും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

ഏപ്രിൽ 13നാണ് ഹോർമൂസ് കടലിടുക്കിൽ വച്ച് എം. എസ്. സി ഏരീസ് എന്ന കപ്പൽ ഇറാൻ സേനയായ റവലൂഷണറി ഗാ‌ർഡ്സ് പിടിച്ചെടുത്തത്. ഇയാൽ ഓഫർ എന്ന ഇസ്രയേൽ കോടീശ്വരന്റെ കമ്പനിയുടെ വകയാണ് കപ്പൽ. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ ആക്രമിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കപ്പൽ പിടിച്ചെടുത്തത്. സുപ്രധാനമായ കപ്പൽപാത അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ ഇറാൻ സമുദ്രാതിർത്തിക്കുള്ളിൽ ഇറാന്റെ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള കപ്പലിന്റെ റഡാർ ഓഫാക്കി ഇട്ടിരിക്കയാണ്.