death

കോഴിക്കോട്: കര്‍ണാടക സ്വദേശിനിയായ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. സത്താറും ഐഷയും താമസിച്ചിരുന്ന സ്ഥലത്തെപ്പറ്റി നാട്ടുകാര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

കര്‍ണാടക സ്വദേശിനിയായ ഐഷ സുനിത എന്ന യുവതിയാണ് കോഴിക്കോട് മുക്കത്തെ വാടക വീട്ടിനുള്ളില്‍ മരിച്ചത്. മുക്കത്തിന് സമീപം മാമ്പറ്റയിലെ സ്വകാര്യ വില്ലയില്‍ മലപ്പുറം സ്വദേശിയായ സത്താര്‍ എന്നയാള്‍ക്കൊപ്പമാണ് ഐഷ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാവിലെ സത്താര്‍ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഐഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ മുക്കം പൊലീസിനെ ഇയാള്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

സത്താര്‍ വിവരം അറിയച്ചത് അനുസരിച്ച് വീട്ടിലെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവെന്നാണ് വിവരം. എന്നാല്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയതായി വിവരമൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.