മുംബയ്: ഐപിഎല്‍ സീസണില്‍ പ്ലേ ഓഫ് കാണാതെ മുംബയ് ഇന്ത്യന്‍സ് പുറത്ത്. 2020ന് ശേഷം കിരീടം അകന്ന് നില്‍ക്കുന്ന ടീമിന്റെ തലവര മാറ്റാന്‍ തലപ്പത്ത് ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്ന മാറ്റവും ഗുണം ചെയ്തില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 24 റണ്‍സിനാണ് മുംബയ് തോറ്റ് മടങ്ങിയത്.
സ്‌കോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 169-10 (19.5), മുംബയ് ഇന്ത്യന്‍സ് 145-10 (18.5)
170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയുടെ തുടക്കം മോശമായിരുന്നും. ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ 13(7), രോഹിത് ശര്‍മ്മ 11(12), നമന്‍ ധീര്‍ 11(11) എന്നിവര്‍ ആറോവറിനുള്ളില്‍ മടങ്ങിയപ്പോള്‍ സ്‌കോര്‍ 46ന് മൂന്ന്. പിന്നീട് തിലക് വര്‍മ്മ 4(6), നെഹാല്‍ വധേര 6(11), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 1(3) എന്നിവര്‍ വന്നത് പോലെ മടങ്ങിയപ്പോള്‍ സ്‌കോര്‍ 11.2 ഓവറില്‍ 71ന് ആറ്. ഒരറ്റത്ത് സൂര്യകുമാര്‍ ടീമിന്റെ പ്രതീക്ഷകളെ മുന്നോട്ട് നയിച്ചു 56(35) റണ്‍സ് നേടി സ്‌കൈ മടങ്ങിയതോടെ നില കൂടുതല്‍ പരുങ്ങലിലായി.
മറുവശത്ത് ടിം ഡേവിഡ് 24(20) കൂടി മടങ്ങിയതോടെ മുംബയ് തോല്‍വി ഉറപ്പിച്ചു. പിന്നീട് വന്ന ജെറാഡ് കോട്‌സി 8(7), പിയൂഷ് ചൗള 0(1) എന്നിവര്‍ക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍ എന്നിവരാണ് മുംബയ് ഇന്ത്യന്‍സിനെ ചുരുട്ടികൂട്ടിയത്. സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച മുംബയുടെ എട്ടാം തോല്‍വിയാണിത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും മുംബയ് അവസാന നാലില്‍ എത്തില്ല.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈര്‌റ് റൈഡേഴ്‌സ് 19.5 ഓവറില്‍ 169 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നുവാന്‍ തുഷാര, ജസ്പ്രീത് ബുംറ എന്നിവരാണ് കൊല്‍ക്കത്തയെ താരതമേന്യ ചെറിയ സ്‌കോറില്‍ പുറത്താക്കിയത്. മുന്‍ നിര തകര്‍ന്നടിഞ്ഞ് 57ന് അഞ്ച് എന്ന നിലയില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യര്‍ 70(52), മനീഷ് പാണ്ഡെ 42(31) എന്നിവരുടെ ആറാം വിക്കറ്റിലെ 83 റണ്‍സ് കൂട്ടുകെട്ടാണ് അവര്‍ക്ക് തുണയായത്.