
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറെ വധിച്ച കൊലയാളി സംഘത്തിലേതെന്ന് കരുതുന്ന മൂന്ന് പേരെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോർട്ട്. കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ്, കരൺ ബ്രാർ എന്നിവരാണ് പിടിയിലായതെന്നാണ് സൂചന. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാനഡ വൈകാതെ പുറത്തുവിട്ടേക്കും. ഇവർക്ക് കാനഡയിൽ നടന്ന മറ്റ് മൂന്ന് കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇവർ മാസങ്ങളായി കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾക്ക് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന് കാനഡ ആരോപിക്കുന്നുണ്ടെങ്കിലും തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ (45) കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. നിജ്ജറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതോടെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നത ഉടലെടുത്തിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, ട്രൂഡോയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും കൃത്യമായ തെളിവുകൾ കൈമാറിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.