കോഴിക്കോട്: കാൻസറിനടക്കം കാരണമാകുന്ന കൃത്രിമ നിറങ്ങൾ ഭക്ഷ്യവസ്തുക്കളിൽ വ്യാപകമായതായി ഉപയോഗിക്കുന്നതിനെതിരെ 'നിറമല്ല രുചി, സേ നോ ടു സിന്തറ്റിക് ഫുഡ് കളർ' കാംപയിനുമായി ഭക്ഷ്യസുരക്ഷ വകുപ്പ് . പിഴ ചുമത്തിയിട്ടും ഹോട്ടലുകളിലും ഭക്ഷ്യവസ്തു നിർമാണ യൂണിറ്റുകളിലും കൃത്രിമ നിറങ്ങളുടെയും മറ്റു രാസവസ്തുക്കളുടെയും ഉപയോഗം കുറയാത്ത സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് രണ്ട് മാസം നീളുന്ന കാംപയിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ടത്തിൽ ബോധവത്കരണവും പിന്നീട് നിയമ നടപടികൾ കർശനമാക്കാനുമാണ് തീരുമാനം. 2006 ലെ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഭക്ഷണത്തിൽ കൃതൃമ നിറങ്ങൾ ചേർക്കുന്നതിന് കർശനമായ നിയന്ത്രണമുണ്ട്. എന്നാൽ ഇത് ലംഘിച്ച് പലരും കൂടിയ അളവിൽ കൃതൃമ നിറങ്ങൾ ഉപയോഗിക്കുകയാണ്. ജില്ലയിൽ നിയമ വിരുദ്ധമായി കൃതൃമ നിറം ചേർത്തതിന് 200ലധികം കേസുകൾ നിലവിലുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കുന്നു.
' നിറമല്ല രുചി ' കാംപയിൻ ഇങ്ങനെ
എല്ലാ ഭക്ഷ്യസുരക്ഷ സർക്കിളുകളിലും ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. ഹോട്ടൽ വൃപാരികൾ ബേക്കറി നിർമ്മാതാക്കൾ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ , റസിഡൻസ് അസോസിയേഷനുകൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് ക്ളാസുകൾ നൽകുക. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബേക്കറികളിൽ നിറമില്ലാത്ത മധുര പലഹാരങ്ങളുടെ ഒരു മേഖലയും ഒരുക്കാൻ ആവശ്യപ്പെടും. കൃത്രിമ നിറങ്ങൾ ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ കളക്ടർ സ്നേഹിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ഭക്ഷ്യസുരക്ഷ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നിരുന്നു.
നിറം അരുത്
ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുളളവ ചേർക്കരുത്. ഐ.എസ്.ഐ മുദ്ര, എഫ്. എസ്.എസ്.എ.ഐ മുദ്ര എന്നിവയുള്ള നിറങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. ലഡു, ജിലേബി പോലുളളവയിൽ 10 കിലോയിൽ 1 ഗ്രാം കൃതൃമ നിറം മാത്രമാണ് ചേർക്കാൻ അനുവാദം ഉളളത്.
'' രണ്ട് മാസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്രിമ നിറം ചേർക്കുന്ന ഉത്പാദകർക്കെതിരെ കർശന നടപടി സ്വീകരിക്കും'' എ സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ.