തിരുവനന്തപുരം: വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ- സംസ്ഥാന പാതകള്‍ക്കിരുവശവുമുള്ള മിക്ക മരങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. റോഡ് വികസനത്തിനും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി മുറിച്ച മരങ്ങള്‍ക്ക് പകരം തൈകള്‍ വെച്ചുപിടിപ്പിച്ചെങ്കിലും പലതും കരിഞ്ഞുണങ്ങി. പരിപാലനക്കുറവും റോഡുകളിലെ നിര്‍മ്മാണം തുടരുന്നതുമാണ് മിക്കയിടത്തും തിരിച്ചടിയായത്.
നിര്‍മ്മാണം നടക്കുന്ന എന്‍.എച്ച് 66ലും ഇതാണവസ്ഥ. കോവളം - കഴക്കൂട്ടം ബൈപ്പാസിന്റെ മീഡിയനില്‍ പലയിടത്തും വൃക്ഷത്തൈ നട്ടെങ്കിലും പരിപാലനമില്ലാതെ മിക്കവയും നശിച്ചു. അല്ലാത്തവ ഒറ്റപ്പെട്ട നിലയില്‍ അവിടവിടെയുണ്ട്. 2017ല്‍ കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഹരിത കേരള മിഷന്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. നഗരസഭയടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരുന്നു പരിപാലന ചുമതല.
ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള പദ്ധതികളിലുള്‍പ്പെടുത്തി ഇവ സംരക്ഷിച്ചെങ്കിലും ക്രമേണ അതില്ലാതായി. പിന്നാലെ ഹരിത കേരള മിഷന്റെ പ്രവര്‍ത്തനം പച്ചത്തുരുത്ത് പദ്ധതിയിലേക്കു മാറിയതോടെ വൃക്ഷ പരിപാലനം ഇല്ലാതായി.
ബൈപ്പാസ് മീഡിയനില്‍ വൃക്ഷത്തൈകളെത്തും
ദേശീയ, സംസ്ഥാന പാതകളിലും കഴക്കൂട്ടം - കോവളം ബൈപ്പാസിലെ മീഡിയനുകളിലും വൃക്ഷത്തൈ വയ്ക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടിയിട്ടുണ്ടെന്ന് ഹരിത കേരള മിഷന്‍ അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.യു. സഞ്ജീവ് പറഞ്ഞു. ദേശീയ പാതയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതിനു മുറയ്ക്ക് ജൂണ്‍ അഞ്ചിന് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.