infant-death

കൊച്ചി: ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് തുറന്നുപറഞ്ഞ് യുവതി. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി. കഴുത്തിൽ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു യുവതി തീരുമാനിച്ചതെങ്കിലും അമ്മ വാതിലിൽ മുട്ടിയതോടെ കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുകയായിരുന്നു. പരിഭ്രാന്തിയിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി.

ഇന്നലെ അർദ്ധരാത്രിയാണ് മാതാപിതാക്കൾക്കൊപ്പമിരുത്തി യുവതിയുടെ മൊഴിയെടുത്തത്. വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവശേഷമുള്ള ശാരീരിക അവശതകൾ നിലനിൽക്കുന്നതിനാൽ യുവതിയെ കോടതിയിൽ ഹാജരാക്കിയേക്കില്ല. ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം നഗരമദ്ധ്യത്തിലെ അപ്പാർട്ട്‌മെന്റിൽ വീട്ടുകാർ അറിയാതെയാണ് കഴിഞ്ഞ ദിവസം 23കാരിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബാൽക്കണിയിലൂടെ അഞ്ചാം നിലയിൽ നിന്ന് റോഡിലേക്ക് എറിയുകയായിരുന്നു. കസ്റ്റഡിയിലായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ അറസ്റ്റും രേഖപ്പെടുത്തി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് യുവതി മൊഴി നൽകിയിരുന്നു. തൃശൂർ സ്വദേശിയായ യുവാവിനെ പൊലീസ് തെരയുന്നുണ്ട്. ഇയാൾ നർത്തകനാണ്.