kozhikode

കോഴിക്കോട്: കടുത്ത വേനലിൽ ആശ്വാസമായിരുന്ന നാരങ്ങാ വെള്ളം കുടിയും ഇനി മുട്ടും. വില കുതിച്ചുയർന്ന് കിലോയ്ക്ക് 145 രൂപയായി. മൊത്ത വ്യാപാര വില 80 മുതൽ 120 വരെയാണ്. ഒരു മാസം മുമ്പ് കിലോയ്ക്ക് 50-80 രൂപ വരെയായിരുന്നു വില. ഒരു ചെറു നാരങ്ങയ്ക്ക് എട്ട് , പത്ത് രൂപ നൽകണം. ചൂടു കൂടിയതോടെ ചെറു നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.

തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും നാരങ്ങ എത്തുന്നത്. വില കൂടിയതോടെ ബേക്കറി ഉടമകളും കൂൾഡ്രിംഗ്സ് വില്പനക്കാരും നാരങ്ങാവെള്ളത്തിന് വില അഞ്ച് രൂപയോളം ഒറ്റയടിക്ക് വർദ്ധിപ്പിച്ചു. പലയിടത്തും ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കിട്ടണമെങ്കിൽ 20 രൂപയോളം നൽകണം. വേനൽ വരും ദിവസങ്ങളിൽ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നാരങ്ങയ്ക്കൊപ്പം കക്കിരി വിലയും കുതിച്ചുയരുകയാണ്. കിലോയ്ക്ക് 20-30 രൂപവരെ വിലയുണ്ടായിരുന്ന കക്കിരിക്ക് ഇപ്പോൾ ചില്ലറ വില 70 രൂപയായി. 50 മുതൽ 60 വരയൊണ് മൊത്ത വില.

@ പഴം, പച്ചക്കറി വിലയും ഉയർന്നു

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ പച്ചക്കറികൾക്കും പഴങ്ങൾക്കും വില കുതിച്ചുയരുകയാണ്. ബീൻസിനും, പയറിനും പച്ചമുളകിനും കാരറ്റിനും പൊള്ളും വിലയാണ്. കിലോ 80 മുതൽ 100 വരെയുണ്ടായിരുന്ന ബീൻസിന് ഇപ്പോൾ 150 രൂപയാണ് മൊത്തവില. ചില്ലറ വിപണിയിൽ 200 കടക്കും. കിലോ 40 -50 വരെയുണ്ടായിരുന്ന പയറിന് മൊത്തവില കിലോയ്ക്ക് 60 രൂപയാണ്.

കടകളിലെത്തുമ്പോൾ 80 രൂപവരെയാകും. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയായി. കാരറ്റ് കിലോ 80 രൂപയാണ് ചില്ലറ വിപണിയിൽ. പഴങ്ങൾക്കും വൻ ഡിമാൻഡാണ്. പെെനാപ്പിൾ കിലോയ്ക്ക് 120 കടന്നു. മികച്ചയിനം മുന്തിരിക്ക് കിലോയ്ക്ക് 160 രൂപയോളമാണ് വില. വിവിധയിനം വാഴപ്പഴങ്ങൾക്കും വില കൂടി. മികച്ചയിനം ഓറഞ്ചിന്റെ വിലയും കിലോയ്ക്ക് 120 രൂപയ്ക്കു മുകളിലെത്തി. ചൂടിന്റെ കാഠിന്യം മൂലം അന്യസംസ്ഥാനങ്ങളിൽ വിളവ് കുറഞ്ഞത് ഉത്പന്ന വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതു തുടർന്നാൽ ജൂൺ വരെ പച്ചക്കറി വിലയിൽ 25 ശതമാനത്തോളം വർദ്ധനയുണ്ടാകാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

ചൂ​ട് ​കൂ​ടി​യ​തോ​ടെ​ ​ചെ​റു​നാ​ര​ങ്ങ​യ്ക്ക് ​ആ​വ​ശ്യ​ക്കാ​ർ​ ​ഏ​റി​യി​രി​ക്കു​ക​യാ​ണ്.​ ​അ​തോ​ടെ​ ​വി​ല​യും​ ​കൂ​ടി.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​വി​ല​ ​ഇ​നി​യും​ ​ഉ​യ​രാ​നാ​ണ് ​സാ​ദ്ധ്യ​ത.​

ധ​നേ​ഷ്,​ ​ പ​ച്ച​ക്ക​റി​ ​ക​ച്ച​വ​ട​ക്കാ​ര​ൻ,​ ​പാ​ള​യം.