rahul-

റായ്ബറേലിയിൽ ആര് മത്സരിക്കും? ഈ ചോദ്യത്തിന് കഴിഞ്ഞ ദിവസത്തോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഉത്തരം നൽകി. വയനാട്ടിൽ ജനവിധി തേടിയ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തിൽ മത്സരിക്കും. പ്രിയങ്ക ഗാന്ധിയുടെയും ഭർത്താവ് റോബർട്ട് വാദ്ര‌യുടെയും പേര് ഉയർന്നു കേട്ടെങ്കിലും രാഹുൽ ഗാന്ധി റായ്ബറേലിയിലേക്ക് എത്തിയത് കോൺഗ്രസ് ക്യാമ്പുകളെ പോലും അമ്പരപ്പിക്കുകയാണ്.

2004 മുതൽ സോണിയ ഗാന്ധിയെ തുണച്ച മണ്ഡലമാണ് റായ്ബറേലി. ഈ മണ്ഡലത്തിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധി മത്സരിക്കുന്നു? വയനാട് പോലുള്ള മണ്ഡലത്തിൽ സീറ്റ് ഉറപ്പാണെന്നിരിക്കെ രാഹുൽ എന്തുകൊണ്ട് റായ്ബറേലിയിൽ സമ്മതം മൂളി. പരിശോധിക്കാം...

സസ്പൻസ് നിറച്ച റായ്ബറേലി
ദിവസങ്ങളുടെ സസ്‌പെൻസുകൾ അവസാനിപ്പിച്ചുകൊണ്ടാണ് വെള്ളിയാഴ്ച കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വീണ്ടും അമേഠിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്മൃതി ഇറാനിയോട് മുട്ടാൻ കോൺഗ്രസ് തിരഞ്ഞെടുത്തത് ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്തുനിൽക്കുന്ന കിഷോരി ലാൽ ശർമ്മയെയാണ്. ഇതാദ്യമായാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ അമേഠിയിൽ ഇറങ്ങുന്നത്. റായ്ബറേലിയിലാകട്ടെ രാഹുൽ ഏറ്റുമുട്ടുന്നത് ഉത്തർപ്രദേശ് മന്ത്രിയായ ദിനേശ് പ്രതാപ് സിംഗിനോടാണ്. 2019ലും സോണിയയ്‌ക്കെതിരെ മത്സരിച്ചത് ദിനേഷ് പ്രതാപായിരുന്നു. സോണിയയ്‌ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാൻ ദിനേശ് പ്രതാപ് സിംഗിന് അന്ന് സാധിച്ചിരുന്നു.

congress

ഗാന്ധി കുടുബവും റായ്ബറേലിയും

റായ്ബറേലിയും കോൺഗ്രസും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ രണ്ട് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ഫിറോസ് ഗാന്ധിയായിരുന്നു മണ്ഡലത്തിൽ ജനവിധി തേടിയത്. ശേഷം 1967, 1971, 1980 എന്നീ വർഷങ്ങളിൽ ഇന്ദിര ഗാന്ധിയെ തുണച്ചതും റായ്ബറേലിയായിരുന്നു. 1980ൽ ഇന്ദിരഗാന്ധി റായ്ബറേലിയെ കൂടാതെ ഇന്നത്തെ തെലങ്കാനയിലെ മേഡക്കിലും മത്സരിച്ചു. രണ്ടിടങ്ങളിലും വിജയിച്ച ഇന്ദിര മേഡക് നിലനിർത്തി റായ്ബറേലി ഒഴിഞ്ഞുകൊടുത്തു.

1977ൽ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ജനതാ പാർട്ടിയുടെ രാജ് നരേൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയപ്പോഴും 1996ലും 1998ൽ ബിജെപിയുടെ അശോക് സിംഗ് ജയിച്ചപ്പോഴും മാത്രമാണ് മണ്ഡലം കോൺഗ്രസിനെ കൈവിട്ടിട്ടുള്ളത്. സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ ആദ്യം തിരഞ്ഞെടുത്തത് അമേഠിയായിരുന്നു. എന്നാൽ 2004ൽ മകൻ രാഹുലിന് വേണ്ടി മണ്ഡലം ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് മാറി.

'രാഹുൽ അമേഠിയിൽ മത്സരിച്ചാൽ അത് രാഹുലും സ്മൃതിയും തമ്മിലുള്ള പോരാട്ടമായി മാറും. ഇലക്ട്രോണിക് മാദ്ധ്യമങ്ങളെ നിങ്ങൾക്കറിയാം. മത്സരം ഒരു വ്യക്തിത്വ യുദ്ധമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ യുദ്ധമാണ്. ഞങ്ങൾ ഒരു അജണ്ട നിശ്ചയിച്ചിട്ടുണ്ട്'

കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ
രാഹുൽ ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ എന്തായിരിക്കാം കാരണം? രണ്ട് ഘടകങ്ങളാണ് കോൺഗ്രസിനെ കൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഒന്നാമത്തേത്, 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അതുകൊണ്ട് അമേഠി ഒരു സുരക്ഷിത മണ്ഡലമല്ലെന്ന് കോൺഗ്രസ് വിലയിരുത്തി. രാഹുലിനോടുള്ള താൽപര്യക്കുറവ് മണ്ഡലത്തിലുള്ളവർ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എംപിയായിരുന്ന കാലത്ത് രാഹുൽ തിരിഞ്ഞുനോക്കിയില്ലെന്നാണ് മണ്ഡലത്തിലുള്ളവരുടെ പരാതി.

മാത്രമല്ല, രാഹുലിനെ അമേഠിയിൽ നിന്ന് മാറ്റുന്നതിലൂടെ, സ്മൃതി ഇറാനിയുമായുള്ള ഒരു ഏറ്റുമുട്ടലും വാഗ്‌വാദവും ഒഴിവാക്കാമെന്ന് കോൺഗ്രസ് കരുതുന്നു. അങ്ങനെ സംഭവിച്ചാൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയെ താളം തെറ്റിക്കുമെന്ന് കോൺഗ്രസിന് നല്ല ബോദ്ധ്യമുണ്ട്. 'രാഹുൽ അമേത്തിയിൽ മത്സരിച്ചാൽ അത് രാഹുലും സ്മൃതിയും തമ്മിലുള്ള പോരാട്ടമായി മാറും. ഇലക്ട്രോണിക് മാദ്ധ്യമങ്ങളെ നിങ്ങൾക്കറിയാം. മത്സരം ഒരു വ്യക്തിത്വ യുദ്ധമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ യുദ്ധമാണ്. ഞങ്ങൾ ഒരു അജണ്ട നിശ്ചയിച്ചിട്ടുണ്ട്'- മുതിർന്ന കോൺഗ്രസ് നേതാവ് ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.

കൂടാതെ, വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചാൽ, യുപി മണ്ഡലവുമായുള്ള രാഹുലിന്റെ കുടുംബത്തിന്റെ പഴയകാല ബന്ധം ചൂണ്ടിക്കാട്ടി കേരളത്തിലെ മണ്ഡലം ഉപേക്ഷിക്കുന്നത് അദ്ദേഹത്തിന് എളുപ്പമായിരിക്കും.

wayanad

വയനാട്ടുകാർക്ക് ആശങ്ക

രാഹുൽ റായ്ബറേലിയിലും മത്സരിക്കാൻ തീരുമാനിച്ചതോടെ വയനാട്ടിലെ യുഡിഎഫ് ക്യാമ്പ് നിരാശയിലാണ്. രണ്ട് മണ്ഡലത്തിലും ജയിച്ചാൽ രാഹുൽ വയനാട് വിടുമെന്ന കാര്യം ഉറപ്പാണ്. 2019ൽ നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. വയനാട്ടിലെ പ്രചാരണം വളരെ ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്. മണ്ഡലവുമായി വൈകാരികമായി അടുപ്പമുണ്ടെന്ന് രാഹുൽ പറഞ്ഞതിന് ശേഷമാണ് ജയസാദ്ധ്യത കൂടുതലുള്ള റായ്ബറേലിയിലും മത്സരിക്കുന്നത്. ഇതോടെ രാഹുലിന് വേണ്ടി വോട്ടഭ്യർത്ഥിച്ചവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് വന്നാൽ വിജയസാദ്ധ്യതയെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. വോട്ടർമാരോട് എന്തുപറയുമെന്ന ആശങ്ക അണികൾക്കും നേതാക്കൾക്കുമുണ്ട്.