ഭുവനേശ്വർ: ഒഡീഷയിലെ പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരത്തിൽ നിന്ന് പിന്മാറി. പ്രചാരണത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് സ്ഥാനാർത്ഥി സുചാരിത മൊഹന്തി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് കത്ത് നൽകി.
പാർട്ടിയിൽ നിന്ന് ഫണ്ടൊന്നും ലഭിക്കുന്നില്ലെന്ന് സുചാരിത പറഞ്ഞു. 'എനിക്ക് സ്വന്തമായി ഫണ്ട് കണ്ടെത്താൻ സാധിക്കുന്നില്ല. അതിനാൽ, പണം അനുവദിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു. എന്റെ ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു', അവർ പറഞ്ഞു.
ക്രൗഡ്‌ഫണ്ടിംഗ് വഴി പണം കണ്ടെത്താൻ സുചാരിത ശ്രമം നടത്തിയിരുന്നു. സാമൂഹിക മാദ്ധ്യമങ്ങൾ വഴി യുപിഐ ക്യൂആർ കോഡ് പങ്കുവച്ച് പണത്തിന് അഭ്യർത്ഥിച്ചു. എന്നാൽ, പ്രതീക്ഷിച്ച പ്രതികരണമില്ലാതെ വന്നതോടെ സുചാരിത പിന്മാറുകയായിരുന്നു.
മേയ് 25നാണ് പുരിയില്‍ പോളിംഗ് നടക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സുചാരിത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. ബിജെപിയുടെ സാംബിത് പാത്രയും ബിജെഡിയുടെ അരുപ് പട്‌നായിക്കുമാണ് പുരിയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ ബിജു ജനതാദളിന്റെ (ബിജെഡി ) പിനാകി മിശ്രയോട് സുചാരിത പരാജയപ്പെട്ടിരുന്നു. മിശ്ര 5,23,161 വോട്ടുകൾ നേടിയപ്പോൾ സുചാരിത 2,89,800 വോട്ടുകൾക്ക് പിന്നിലായി.