16-expats-

ദുബായ്: ഒരു ദിവസം കോടീശ്വരനെ പോലെ ജീവിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ എന്തുചെയ്യും? ഒന്ന് ആലോചിച്ചിട്ടാണെങ്കിലും എല്ലാവരും പറയുന്ന ഉത്തരം 'യെസ്' എന്നായിരിക്കും. എന്നാൽ ഇപ്പോഴിതാ അങ്ങനെ ഒരു ഭാഗ്യം ലഭിച്ച ചില പ്രവാസികളുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ലോക തൊഴിലാളി ദിനത്തിൽ ദുബായിലെ 16 കെട്ടിട നിർമ്മാണ തൊഴിലാളികൾക്കാണ് ആ ഭാഗ്യം ലഭിച്ചത്. തൊഴിലിടങ്ങളിലെ വസ്ത്രങ്ങൾ ഉപേക്ഷിച്ച് കോട്ടും സ്യൂട്ടും ധരിച്ച് ലക്ഷ്വറി കാറുകളിൽ യാത്ര ചെയ്ത് ഒരു കോടീശ്വരൻ എങ്ങനെയാണോ ജീവിക്കുന്നത് അതുപോലെയാണ് അവർ ഒരു ദിവസം കഴിഞ്ഞത്.

കൂടാതെ ദുബായിലെ ജലാശങ്ങളിലെ ആഡംബര നൗകകളിലും അവർ യാത്ര ചെയ്തു. നഗരത്തിലെ തന്നെ ഏറ്റവും വലിയ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസവും ഭക്ഷണവും. വേൾഡ് സ്റ്റാർ ഹോൾഡിംഗ് എന്ന കമ്പനിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്കാണ് കമ്പനി ഒരു ദിവസത്തേക്ക് ആഡംബര ജീവിതം നയക്കാൻ അവസരം നൽകിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവത്തോടൊപ്പം ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡും അവർക്ക് കൈമാറി.

16 പേരിലുണ്ടായിരുന്ന ഇന്ത്യൻ പ്രവാസിയായ രാംദയാൽ തന്റെ സന്തോഷം ഈ അവസരത്തിൽ പ്രകടിപ്പിച്ചു. ദുബായ് നഗരത്തിലെ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ തൊഴിലാളിയാണ് രാംദയാൽ. 'ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ അതിഥിയായി എത്താൻ സാധിക്കുമെന്ന്. കഴിഞ്ഞ എട്ട് വർഷത്തോളമായി ഞാൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നു'- രാംദയാൽ പറഞ്ഞു.

അവാർഡ് വിതരണത്തിന് ശേഷം നീല നിറത്തിലുള്ള കസ്റ്റമൈസ്ഡ് സ്യൂട്ട് ധരിച്ച തൊഴിലാളികൾ പുറത്ത് കാത്തിരുന്ന ആഡംബര വാഹനങ്ങളിൽ യാത്ര ആരംഭിച്ചു. ഫെരാരി, ലംബോർഗിനി, ബെൻലി, ഫോർഡ് മസ്താംഗ്, കാർഡിലാക്ക് എന്നീ ആഡംബര വാഹനങ്ങളാണ് തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കമ്പനി ഒരുക്കിയത്. ഈ വാഹനത്തിൽ കയറിയ തൊഴിലാളികളെ ദുബായ് നഗരത്തെ ചുറ്റിച്ചു. പിന്നീട് ആദ്യം വാഹനം നിർത്തിയത് ദുബായ് മറീനയിലായിരുന്നു. അവിടെ പാർക്ക് ചെയ്ത ആഡംബര നൗകയിൽ ജലാശയത്തെ ചുറ്റി ഒരു യാത്ര. പിന്നീട് താമസത്തിനായി നഗരത്തിലെ പ്രധാനപ്പെട്ട ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക്.

ഇതാദ്യമായല്ല കമ്പനി തൊഴിലാളികൾക്ക് വേണ്ടി ഇത്തരത്തിലുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത്. മറ്റുള്ളവർക്ക് കഴിഞ്ഞ തൊഴിലാളി ദിനാഘോഷങ്ങളിൽ അവാർഡുകളും പ്രത്യേക സമ്മാനങ്ങളും ലഭിച്ചിരുന്നു. ഈ അവാർഡ് ലഭിക്കാൻ ഓരോ തൊഴിലാളിയ്ക്കും ജോലിയിൽ മാതൃകാപരമായ പ്രകടനം ആവശ്യമാണ്, അത് കമ്പനിയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു. കഴിഞ്ഞ വർഷം, ജോർജിയയിലേക്കുള്ള എല്ലാ ചെലവുകളും അടയ്ക്കുന്ന ഒരു യാത്ര മികച്ച പ്രകടനം കാഴ്ചവച്ച തൊഴിലാളികൾക്ക് നൽകിയിരുന്നു. ഈ വർഷം മുതൽ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.