തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള കരാർ കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിന്. 439കോടിയുടെ പദ്ധതി 42മാസം കൊണ്ട് പൂർത്തിയാക്കും. സിൽവർലൈനിന് അംഗീകാരം കാത്തിരിക്കെ, കെ-റെയിൽ ഏറ്റെടുക്കുന്ന വലിയ പദ്ധതിയാണിത്. വർക്കല സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ കരാറും ഈ കൺസോർഷ്യത്തിനാണ്.
കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരമാണ് സെൻട്രൽ സ്റ്റേഷൻ വികസനം. വരികയും പോവുകയും ചെയ്യുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലെപ്പോലെ പ്രത്യേകം ലൗഞ്ചുകളുണ്ടാവും. ഇവയെ ലിഫ്‌റ്റുകൾ വഴി ബന്ധിപ്പിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപ് മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണിത്. വിവരങ്ങളറിയിക്കാൻ കൂടുതൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കും.
നിലവിലെ കെട്ടിടം നിലനിറുത്തി തെക്കും വടക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. തെക്കുവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗുമുണ്ടാവും. അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലുള്ള മേൽക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ ടെർമിനലിനുണ്ടാവും.
സംസ്ഥാനത്ത് 27റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതും കെ-റെയിലാണ്. നിലമ്പൂരിൽ പണി തുടങ്ങി. കൊല്ലം പോളയത്തോട്ടിൽ മേൽപ്പാലത്തിന് ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതികളുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയും കെ-റെയിലാണ്.