ജയ്‌പൂർ: മകൾ പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിന്റെ മൂക്കറുത്ത് മാതാപിതാക്കൾ. രാജസ്ഥാനിലെ ജോധ്‌പൂരിൽ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. തുടർന്ന് യുവാവിന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേൾറാം താക് (23) എന്ന യുവാവിനാണ് ആക്രമണം നേരിടേണ്ടി വന്നത്.
കഴിഞ്ഞ മാർച്ചിലായിരുന്നു ചേൾറാം തന്റെ ഗ്രാമത്തിൽ തന്നെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ വിവാഹിതരായതായി ഇരുവരും മൊഴി നൽകി. പ്രായപൂർത്തിയായതിനാൽ ഇരുവരെയും കോടതി വിട്ടയയ്ക്കുകയും ചെയ്തു. തുടർന്ന് ചേൾറാമും പെൺകുട്ടിയും പാലിയിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. ചേൾറാമിന്റെ സഹോദരൻ സുജാറാം സമീപത്താണ് താമസിച്ചിരുന്നത്.
വ്യാഴാഴ്‌ച രാത്രി പെൺകുട്ടിയുടെ ബന്ധുക്കൾ ഇവരുടെ വാടകവീട്ടിൽ എത്തുകയും വിവാഹത്തിൽ തങ്ങൾ എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞ് യുവദമ്പതികളെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും. തുടർന്ന് ഇരുവരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയും ജോധ്‌പൂരിലെത്തിയപ്പോൾ യുവാവിനെ ക്രൂരമായി മർദ്ദിക്കാൻ ആരംഭിക്കുകയും ചെയ്തു. ശേഷം ജാൻവാറിലെത്തിയപ്പോൾ കാർ നിർത്തുകയും യുവാവിനെ വീണ്ടും ആക്രമിക്കുകയും മൂക്ക് മുറിക്കുകയുമായിരുന്നു. മർദ്ദനങ്ങൾക്കുശേഷം യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് പെൺകുട്ടിയുമായി പോവുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
യുവാവ് ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് ഇവർ സ്ഥലത്തെത്തിയാണ് 23കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് സഹോദരന്മാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.