chala

തിരുവനന്തപുരം: ഏതുനിമിഷം വേണമെങ്കിലും ഇടിഞ്ഞ് വീഴാറായ ടോയ്ലെറ്റാണ് ചാല മത്സ്യമാർക്കറ്റിലുള്ളത്. കോർപ്പറേഷന്റെ അധീനതയിലുള്ള ഈ ടോയ്ലെറ്റിന് സുരക്ഷയോ വൃത്തിയോ ഇല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സംവിധാനമില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രണ്ട് ബാത്ത്റൂമും മൂന്ന് ടോയ്ലെറ്റുമാണ് ഈ കെട്ടിടത്തിലുള്ളത്.

40 വർഷം പഴക്കമുള്ള ഈ ടോയ്ലെറ്റ് പൊളിച്ച് പുതിയ ടോയ്ലെറ്റ് ഉൾപ്പെടെയുള്ള ഇരുനില കെട്ടിടം പണിയാൻ ചാല പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പൈതൃക പദ്ധതി നടപ്പിലാകാതെ വന്നതോടെ ഈ പദ്ധതി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി.ഘട്ടങ്ങളായിട്ടുള്ള പദ്ധതിയായതിനാൽ ടോയ്‌ലെറ്റിന്റെ നിർമ്മാണം വൈകും.

പണി പൂർത്തിയായിട്ടും തുറക്കാതെ

ഫിഷ് മാർക്കറ്റിന്റെ പരിസരത്തുള്ള കൊത്തുവാൾ തെരുവിൽ പുതിയതായി പണികഴിപ്പിച്ച ടോയ്‌ലെറ്റ് മാസങ്ങളായി ഉദ്ഘാടനം ചെയ്യാതെ കിടക്കുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കടകളും മുകളിലത്തെ നിലയിൽ ടോയ്ലെറ്റുമാണ്. എന്നാൽ ഈ കെട്ടിടം എന്ന് തുറക്കുമെന്നത് ചോദ്യമായി അവശേഷിക്കുന്നു. കെട്ടിടത്തിന്റെ ടി.സിയും മറ്റും ലഭിക്കാത്തതിനാലാണ് കെട്ടിടം തുറക്കാത്തത് എന്നാണ് അധികൃതരുടെ മറുപടി. ആറുമാസത്തോളമായി ഈ കെട്ടിടം അടച്ചിട്ടിരിക്കുകയാണ്.