ഒട്ടുമിക്കവരും പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന ഒരു പാനീയമാണ് ചായ. പലപ്പോഴും ഒരു എനർജി ഡ്രിങ്കായിട്ട് വരെ ചിലരെങ്കിലും ചായ കുടിക്കാറുണ്ട്. അതേസമയം, ചായ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും പലയിടങ്ങളിലും കണ്ടിട്ടുണ്ട്.ഇതിൽ ഏതാണ് ശരിയെന്ന സംശയം മിക്കവർക്കും ഉണ്ടാകുന്ന ഒന്നാണ്.
ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം മിതമായ അളവിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുന്നതാണ്. അതായത് രാവിലെയും വൈകുന്നേരവും മാത്രം ചായ കുടിക്കുന്ന ശീലമുളളവരുടെ ആരോഗ്യം മികച്ചതായിരിക്കും. ആന്റിഓക്സിഡന്റുകളേറെയുളള ഒരു പാനീയമാണ് ചായ. അതിനാൽ തന്നെ ചായ കുടിക്കുന്നവർക്ക് അവരുടെ ചർമ്മത്തിന്റെ തിളക്കവും, കായിക ശേഷിയും സംരക്ഷിക്കാൻ സാധിക്കും. കൂടാതെ ചായ കുടിക്കുന്നതിലൂടെ ഏജിംഗ്,തളർച്ച എന്നീ അവസ്ഥകൾ പരിഹരിക്കാനും സാധിക്കും.
നിരവധി ധാതുക്കളും മിനറലുകളും അടങ്ങിയ ഒരു പാനീയം കൂടിയാണ് ചായ. ഇതിൽ വൈറ്റമിൻ എ, ഇ, സി, പൊട്ടാസ്യം, കാത്സ്യം, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ, എല്ലിന്റെയും പല്ലിന്റെയും ബലം, ബുദ്ധിശക്തി മെച്ചപ്പെടുത്തുക തുടങ്ങിയവയെ സഹായിക്കും. ഉറക്ക സംബന്ധമായ അസുഖങ്ങളെ ചെറിയ രീതിയിൽ തടയാൻ ഈ പാനീയത്തിന് സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. ഈ ഗുണങ്ങളെല്ലാം ചായ മിതമായ അളവിൽ കുടിക്കുന്നവരിൽ ഉണ്ടാകുന്ന കാര്യങ്ങളാണ്.
ചായ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. അമിതമായ അളവിൽ ചായ കുടിക്കാൻ പാടില്ല.
2. ഒരു ദിവസം രണ്ടിൽ കൂടുതൽ പ്രാവശ്യം ചായ കുടിക്കാൻ പാടില്ല.
3. ചായയിൽ ചേർക്കുന്ന മധുരത്തിന്റെ അളവിലും പാലിന്റെ കൊഴുപ്പിലും ശ്രദ്ധ പാലിക്കണം.
4. ചായ അമിതമായി കുടിച്ചാൽ ക്ഷീണം,ഛർദ്ദി മുതലായവ ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.