മലയാളത്തിലെ ഏക്കാലത്തെയും മികച്ച താരജോഡികളിൽ ഒന്നാണ് ബിജു മേനോനും സംയുക്ത വർമ്മയും. നാളുകൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു സംയുക്തയും ബിജു മേനോനും വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം അഭിനയം വിട്ടെങ്കിലും അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സംയുക്ത തന്റെ വിശേഷങ്ങൾ ആരാധകരോട് തുറന്നുപറയാറുണ്ട്.
ഇപ്പോഴിതാ ഇരുവരും പ്രണയിക്കുന്ന സമയത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ കമൽ. 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും അടുക്കുന്നതെന്നും ശേഷം തന്റെ 'മേഘമൽഹാർ' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ബിജു മേനോൻ പറഞ്ഞ കാര്യത്തെക്കുറിച്ചും കമൽ പറയുന്നുണ്ട്. കൗമുദി മൂവിസിന്റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമലിന്റെ വാക്കുകളിലേക്ക്
'മേഘമൽഹാറിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. പൂർണമായും പ്രണയത്തിലൂടെ നീങ്ങുന്ന ഒരു കഥയാണ്. ഒരു ലവ് സ്റ്റോറി എന്ന നിലയിൽ തന്നെയാണ് ഞാൻ ഇതിനെ സമീപിക്കുന്നത്. അഭിനയിക്കാൻ വരുന്നത് ബിജു മേനോനും സംയുക്തയും. അതിന്റെ ഏറ്റവും വലിയ തമാശ, അതിന് തൊട്ടുമുമ്പുള്ള ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. ആ പടത്തിന്റെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ കണ്ടുപിടിക്കുകയായിരുന്നു അവരുടെ പ്രണയം. ഇക്കാര്യം ബിജു മേനോനും സംയുക്തയും ഒരിക്കലും സമ്മതിക്കില്ല'.
'ഷൂട്ടിന് ലൊക്കേഷനിൽ വന്നപ്പോഴാണ് ഞാൻ ബിജു മേനോനോട് കഥ പറയുന്നത്. ബിജു ഇത് കേട്ടതോടെ ആകെ വല്ലാണ്ടായി. പിന്നാലെ ഞാൻ പറഞ്ഞു, കാര്യങ്ങളൊക്കെ ഞങ്ങൾക്ക് മനസിലായി. കണ്ണടച്ച് പാലു കുടിക്കുന്നത് ആരും കാണുന്നില്ല മനസിലാക്കുന്നില്ല എന്ന് വിചാരിക്കേണ്ട. ഞങ്ങൾ ലൊക്കേഷനിൽ ഒന്നും പറയാൻ പോകുന്നില്ലെന്ന് ബിജുവിനോട് പറഞ്ഞു. എന്നാൽ ഇത് ആളുകൾ അറിയുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സംയുക്തയ്ക്കും ടെൻഷനുണ്ടെന്ന് ബിജു എന്നോട് പറഞ്ഞു. നിങ്ങൾ തമ്മിൽ ക്യാമറാബാഹ്യമായ കാര്യങ്ങളൊന്നും ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല. എന്റെ ക്യാമറയുടെ മുന്നിൽ നിങ്ങൾ കഥാപാത്രങ്ങൾ മാത്രമായിരിക്കും. പിന്നീട് മേഘമൽഹാർ എന്ന ചിത്രം ഉണ്ടാക്കിയെടുത്ത ഒരു ഇംമ്പാക്ട് അവർ തമ്മിൽ ഒരുമിച്ച് ജീവിച്ചു തുടങ്ങിയെന്നതാണ്'- കമൽ പറഞ്ഞു.