തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ മുഴുവൻ സീറ്റും നേടി വിജയിക്കുമെന്ന് കെപിസിസി യോഗത്തിൽ വിലയിരുത്തൽ. തിരുവനന്തപുരത്ത് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് കേരളത്തിൽ നിന്ന് 20 സീറ്റും നേടുമെന്ന് വിലയിരുത്തലുണ്ടായത്.
നാല് സീറ്റുകളിൽ കടുത്ത മത്സരം നടന്നതായും യോഗത്തിൽ ചൂണ്ടിക്കാട്ടി. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിലാണ് കടുത്ത മത്സരമുണ്ടായത്. എന്നാൽ ഇവിടങ്ങളിൽ മുൻതൂക്കം യുഡിഎഫിന് തന്നെയാണെന്നും യോഗത്തിൽ ചർച്ചയായി. തശൂരിൽ കെ മുരളീധരന് വിജയം ഉറപ്പാണെന്ന് കെപിസിസി ആക്‌ടിംഗ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. തുടക്കം മുതൽ ഒടുക്കംവരെയും യുഡിഎഫും പാർട്ടിയും ഒറ്റക്കെട്ടായിരുന്നു. മുരളീധരൻ ഇരുപതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഹസൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്‌ചയുണ്ടായെന്ന വിമർശനവും യോഗത്തിൽ ചർച്ചയായി. യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ എംഎം ഹസൻ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായി. ഉദ്യോഗസ്ഥരിൽ നല്ലൊരു വിഭാഗവും മാർക്‌സിസ്റ്റ് പാർട്ടിയുടെ അനുഭാവികളാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.