പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ഇനി മുതൽ തീർത്ഥാടനകാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം അനുവദിച്ചാൽ മതിയെന്ന് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു.
പ്രതിദിന ഓൺലൈൻ ബുക്കിംഗ് 80000 വരെയാകും അനുവദിക്കുക. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്താം.
ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ വൻവിമർശനം ഉയർന്നിരുന്നു. ഓൺലൈൻ ബുക്കിംഗ് കൂടാതെ സ്പോട്ട് ബുക്കിംഗ് വഴിയും ഭക്തർ എത്തുന്നത് ശബരിമലയിൽ തിരക്ക് കൂടാൻ കാരണമാകാറുണ്ട്. സ്പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അതേസമയം ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നതിൽ തത്‌കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. അരളിപ്പൂവ് മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.