d

ന്യൂഡൽഹി : ലൈംഗിക പീഡനപരാതിയിൽ ജെ.ഡി.എസ് നേതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പത്മനാഭ നഗറിലെ വസതിയിൽ നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് നടപടി. നേരത്തെ പീഡനക്കേസിൽ രേവണ്ണയ്ക്കും മകൻ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ലൈംഗിക പീഡനപരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രേവണ്ണയ്ക്കെതിരെ വ്യാഴാഴ്ച പൊലീസ് കേസെടുത്തിരുന്നു. രേവണ്ണയുടെ മകനും ഹാസനിലെ സിറ്റിംഗ് എം.പിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പീഡനപരാതി ഉന്നയിച്ച കെ.ആർ. നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. ഹാസൻ സ്വദേശി ബാബണ്ണ എന്നയാൾ ആണ് രേവണ്ണയുടെ നിർദ്ദേശപ്രകാരം തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു. കേസിൽ രേവണ്ണ ഒന്നാംപ്രതിയും സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമാണ്.

വീട്ടുജോലിക്കാരിയുടെ പീഡനപരാതിയിൽ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. പീഡനക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വൽ ജർമ്മനിയിൽ നിന്ന് എത്തിയാലുടൻ വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തേക്കും. അതേസമയം കസ്റ്റഡിയിലെടുത്ത രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിലേക്ക് കൊണ്ടുപോകും.