കാസർകോട്:വോട്ടെടുപ്പിന്റെ പിറ്റേ ദിവസം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐയും രാജപുരം കോളിച്ചാൽ സ്വദേശിയുമായ വിജയൻ (52) കൊച്ചിയിലെ അമൃത ആശുപത്രിയിൽ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് രണ്ടുദിവസം മുമ്പ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
വെന്റിലേറ്ററിൽ ആയിരുന്നു. മദ്യത്തിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു.
വോട്ടെടുപ്പ് ദിവസം ബേഡഡുടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യയെ പിറകിലൂടെ എത്തി അപമാനിച്ചുവെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഉടൻ അറസ്റ്റ് വേണമെന്ന് സമ്മർദ്ദം ചെലുത്തിയെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ അറസ്റ്റ് ചെയ്യാൻ തക്ക വകുപ്പ് ഇല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ജീവനൊടുക്കാൻ മാത്രം മറ്റു പ്രശ്നങ്ങൾ വിജയന് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പ്രതിഷേധ യോഗം നടത്തിയിരുന്നു.
കോളിച്ചാലിലെ കുട്ടിനായ്കിന്റെയും അക്കാച്ചു ഭായുടെയും മകനാണ് വിജയൻ. ശ്രീജയാണ് ഭാര്യ. മക്കൾ: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർത്ഥികൾ),
കൊലക്കുറ്റത്തിന്
കേസെടുക്കണം: ഉണ്ണിത്താൻ
കാസർകോട് : ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി.പി.എം നേതാക്കൾക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യു.ഡി.എഫ് ബൂത്ത് ഏജന്റ് രതീഷ് ബാബുവിനെ ബൂത്ത് വളഞ്ഞ് സി.പി.എം അക്രമിക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം. ഉനൈസിനെതിരെ വ്യാജ പീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് മേൽ സി.പി.എം നേതൃത്വം നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന് ഉണ്ണിത്താൻ ആരോപിച്ചു.