'ഇല്യുമിനാറ്റി' - ചില സിനിമകളിൽ നാം കേട്ടിട്ടുള്ള പദമാണിത്. രഹസ്യമായി ലോകം ഭരിക്കുന്നവർ. പൃഥിരാജ് ചിത്രം ലൂസിഫറിലൂടെ കേരളത്തിലും ഈ വാക്ക് ഏറെ പ്രചാരം നേടിയിരുന്നു. ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായിയാണ് ഇല്യുമിനേറ്റി കരുതപ്പെടുന്നു.
അതുപോലെ ഇന്ത്യയെ രഹസ്യമായി ഭരിക്കുന്ന ഒമ്പത് ആളുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?. ഇന്ത്യയിൽ ഇല്യുമിനാറ്റി കഥകൾക്ക് ഏകദേശം 2000 വർഷങ്ങളുടെ പഴക്കമുണ്ട്. ബിസി 269 മുതൽ ബിസി 232വരെ മൗര്യ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയാണ് അശോകൻ. ഇദ്ദേഹമാണ് ഇല്യുമിനാറ്റി കൊണ്ട് വന്നതെന്നാണ് പറയപ്പെടുന്നത്.
തുടക്കം
ഇല്യുമിനാറ്റിയുടെ തുടക്കം പറയുപ്പോൾ അശോകനെയും കലിംഗ യുദ്ധത്തെയും കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. ബിസി261 കാലഘട്ടത്തിൽ നടന്ന കലിംഗയുദ്ധം ഇന്ത്യയിലെ ഇല്യുമിനാറ്റിക്ക് ഒരു പ്രധാന പങ്ക് വഹിച്ചെന്ന് പറയാം. അശോക ചക്രവർത്തിയും ഇന്നത്തെ ഒഡീഷ, തെക്കുകിഴക്കൻ ആന്ധ്രയുടെ ഭാഗങ്ങൾ എന്നിവ ചേർന്ന കലിംഗ നാടുമായി നടന്ന യുദ്ധമാണ് കലിംഗയുദ്ധം.
ഈ യുദ്ധം വളരെ വലുതും പ്രാധാന്യമർഹിക്കുന്നതുമായി പിൽക്കാലത്ത് അറിയപ്പെട്ടിരുന്നു. കാരണം കലിംഗയുദ്ധത്തിന് ശേഷമാണ് അശോക ചക്രവർത്തി യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തത്. കലിംഗയുദ്ധത്തിൽ ജയിച്ച അശോകൻ യുദ്ധഭുമിയിൽ കണ്ടത് ലക്ഷക്കണക്കിന് പേർ മരിച്ചു കിടക്കുന്നതാണ്. യുദ്ധതീവ്രത കണ്ട അദ്ദേഹം അഹിംസയുടെ പാത സ്വീകരിക്കുകയായിരുന്നു.
ആ സമയത്താണ് ചക്രവർത്തി സാമ്രാജ്യത്തിന്റെ സംരക്ഷണം, കൂടുതൽ അറിവ്, വിവര ശേഖരണം തുടങ്ങിയവക്കായി മിടുക്കരായ ഒമ്പത് പേരെ നിയമിച്ചത്. ഒമ്പത് പുരുഷന്മാരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. ഒരിക്കലും ഇവരുടെ വിവരങ്ങൾ ചക്രവർത്തി പുറത്തുവിട്ടിരുന്നില്ല. പ്രകൃതി ശാസ്ത്രം മുതൽ മനഃശാസ്ത്രം വരെ തങ്ങളാൽ കഴിയുന്ന എല്ലാ ശാസ്ത്രീയ അറിവുകളും ഈ സംഘം പഠിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. സാധാരണ മനുഷ്യർക്ക് ശാസ്ത്രീയ അറിവ് നൽകിയാൽ അത് നാശത്തിന് ഉപയോഗിക്കുമെന്നാണ് അക്കാലത്ത് വിശ്വസിച്ചിരുന്നത്.
ഈ ഒമ്പത് പേരിൽ ഓരോരുത്തരോടും ഒരു പ്രത്യേക പുസ്തകം എഴുതാൻ നിർദേശിച്ചിരുന്നു. ഈ പുസ്തകം എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ട് ഇരിക്കണം. ഈ സീക്രട്ട് സൊസൈറ്റിയിലെ ഒരാൾ ഇടക്ക് മരിക്കുകയോ ആരോഗ്യം നഷ്ടമാകുകയോ ചെയ്താൽ അയാളുടെ പിൻഗാമിയെ ആ ചുമതല ഏൽപ്പിക്കും. ഈ സൊസെെറ്റിയിലെ അംഗങ്ങളുടെ എണ്ണം എപ്പോഴും ഒമ്പത് തന്നെ ആയിരുന്നു. ഇവരുടെ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു.
ഒൻപത് പുസ്തകങ്ങളിൽ ഓരോന്നിന്റെയും ഉള്ളടക്കത്തെക്കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും വന്നിട്ടുണ്ട്. ഇംഗ്ലീഷ് എഴുത്തുകാരനായ ടാൽബോട്ട് മുണ്ടി 1923ൽ 'ദി നെെൻ അൺ നോൺ മെൻ' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഈ സീക്രട്ട് സൊസെെറ്റിയിലുള്ളവർ എഴുതിയ ഒമ്പത് പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്.
9 പുസ്തകങ്ങൾ
ഒമ്പത് അജ്ഞാതർ
അറിവ് ശേഖരിക്കാൻ അശോകൻ നിയമിച്ച ഈ ഒമ്പത് പേരെയും പിന്നെ വന്ന ചക്രവർത്തിമാരും സമാന രീതിയിൽ നിലനിർത്തിയതായി അറിയപ്പെടുന്നു. ഇവർ വിവിധ സാമ്രാജ്യങ്ങളുടെ യുദ്ധതന്ത്രം. പരിശീലനം, ആയുധനിർമ്മാണം, കുതിര - ആന എന്നിവയുടെ കെെകാര്യം, വെടിമരുന്ന് ഉപയോഗം എന്നിവയിൽ പര്യവേക്ഷണം ചെയ്തിരിക്കാമെന്നും പറയപ്പെടുന്നു. 2000 വർഷത്തോളം ഇവർ രഹസ്യമായി ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷേ ഇപ്പോഴും ഈ സംഘം നിലനിൽക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.