കൊൽക്കത്ത: ഐ.എസ്.എൽ പത്താം സീസണിൽ മുംബയ് സിറ്റി എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് മുംബയ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ഐ.എസ്.എൽ കിരീടത്തിൽ മുത്തമിട്ടത്. സാൾട്ട്ലേക്ക് വേദിയായ കലാശപ്പോരാട്ടിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാംപകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് മുംബയ് കിരീടമുറപ്പിച്ചത്. 2020-21സീസണിൽ ഹബാസ് തന്നെ പരിശീലിപ്പിച്ച എ.ടി.കെ ബഗാനെ കീഴടക്കിയാണ് മുംബയ് ആദ്യമായി ഐ.എസ്.എൽ കിരീടം നേടിയത്. അന്നും ഒരുഗോൾ വഴങ്ങിയ ശേഷമായിരുന്നു മുംബയ് 2-1ന് ജയിച്ചത്.
ജേസൺ കമ്മിൻസാണ് ബഗാനായി സ്കോർ ചെയ്തത്. പെരേര ഡയസ്, വിപിൻ സിംഗ്,ജാക്കൂബ് എന്നിവരാണ് മുംബയ്യുടെ സ്കോറർമാർ.. 44-ാം മിനിട്ടിൽ കളിയുടെ ഗതിയ്ക്ക് വിപരീതമായി ബഗാൻ ലീഡെടുത്തു. പെട്രാറ്റോസിന്റെ വെടിയുണ്ട കണക്കേയുള്ള ലോംഗ് റേഞ്ചർ മുംബയ് ഗോളി ലാച്ചെൻപ തട്ടിയകറ്റിയെങ്കിലും പന്തെത്തിയത് ബോക്സിലേക്ക് ഓടിയെത്തിയ ബഗാൻ സ്ട്രൈക്കർ ജേസൺ കമ്മിംഗ്സിന്റെ കാലിലേക്കാണ്.പിഴവില്ലാതെ കമ്മിൻസിന്റെ ക്ലിനിക്കൽ ഫിനിഷ്.
എന്നാൽ രണ്ടാം പകുതിയിൽ 53-ാം മിനിട്ടിൽ ജോർഗെ പെരേര ഡയസിലൂടെ മുംബയ് സമനില പിടിച്ചു. ഹാഫ് ലൈനിൽ നിന്ന് ആൽബർട്ടോ നൗഗെര നൽകിയ ലോംഗ് പാസ് ക്ലിയർ ചെയ്ത് രണ്ട്ബഗാൻ ഡിഫൻഡർമാരേയും ഗോളി വിശാൽ കെയ്ത്തിനേയും നിഷ്പ്രഭരാക്കി ഡയസ് വലകുലുക്കി. ഐ.എസ്.എല്ലിൽ മുംബയ്യുടെ 300-ാംഗോൾ ആയിരുന്നു ഇത് ,70-ാം മിനിട്ടിൽ ബഗാൻ മലയാളി താരം സഹലിനെയിറക്കി. 81-ാംമിനിട്ടിൽ രണ്ടാം പകുതിയിൽ പകരക്കാരാനായിറങ്ങിയ വിപിനിലൂടെ മുംബയ് ലീഡെടുത്തു. മുംബയ് മുന്നേറ്റത്തിനൊടുവിൽ ചാംഗ്തെയുടെ ഗോൾ ശ്രമം ബഗാൻ ഡിഫൻഡറുടെ കാലിൽ തട്ടിത്തെറിച്ചു. പിന്നാലെ ജാക്കൂബിന്റെ ഷോട്ട് പോസ്റ്റിന് മുന്നിൽ മാർക്ക് ചെയ്യാതെ നിന്ന വിപിൻസിംഗിന്റെ കാലിലേക്കാണ് എത്തിയത്. വിപിന്റെ ആദ്യ അടി കൊണ്ടില്ലെങ്കിലും രണ്ടാം ഷോട്ടിൽ വിപിൻ വലകുലുക്കി ബഗാൻ ക്യാപ്ടൻ സുഭാശിഷ് ഗോൾ ലൈൻ സേവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് തിരിച്ചടിക്കാനായി ബഗാൻ പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 88-ാം മിനിട്ടിൽ ലിസ്റ്റൺന്റ ലോംഗ്റേഞ്ചർ മുംബയ് ഗോളി മനോഹരമായി സേവ് ചെയ്തു. തുടർന്ന് ലോംഗ് വിസിലിന് തൊട്ടുമുൻപ് ജാക്കൂബ് മുംബയ്യുടെ വിജയമുറപ്പിച്ച ഗോൾ നേടി.