alappuzha

ആലപ്പുഴ : കൊടുംചൂടും തുടർന്നുണ്ടായ ഉഷ്ണതരംഗവും സംസ്ഥാനത്തെ വിനോദസഞ്ചാര മേലയ്ക്ക് കനത്ത തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടക്കുന്നതിനെത്തുടർന്ന് ഉത്തരേന്ത്യയിലടക്കം ഉദ്യോഗസ്ഥർ തിരക്കിലായതും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചു. കഴിഞ്ഞ സീസണിന്റെ നാലിലൊന്നു സഞ്ചാരികൾ പോലും ഇത്തവണ ടൂറിസം കേന്ദ്രങ്ങളിലെത്തിയിട്ടില്ല. ഹൗസ് ബോട്ട്, സാഹസിക ടൂറിസം മേഖലയാകെ കടുത്ത പ്രതിസന്ധിയിലാണ്.

ജനുവരി മുതൽ മൂന്ന് മാസം വീതമുള്ള നാല് ക്വാർട്ടറുകളിലായുള്ള സീസണുകളിലാണ് കേരളത്തിൽ വിനോദ സഞ്ചാരികൾ എത്താറുള്ളത്. മദ്ധ്യവേനലവധിക്കാലമായ ഏപ്രിൽ മുതൽ ജൂൺവരെയുള്ള ക്വാർട്ടറിൽ ആഭ്യന്തര ടൂറിസ്റ്റുകളാണ് അധികമായെത്തുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സകുടുംബം എത്തിയവർ ഇത്തവണ നാമമാത്രമായിരുന്നു. സ്കൂൾ അടപ്പുസമയത്താണ് തമിഴ്നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ബോട്ടിംഗിനും മറ്റും ധാരാളം ആളുകളെത്തുക. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഉദ്യോഗസ്ഥർ ഇലക്ഷൻ ചുമതലകളിലായതിനാൽ അവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കുറഞ്ഞു.

വിദേശ സഞ്ചാരികളും കൈയൊഴിഞ്ഞു

1.യു.എസ്.എ, യു.കെ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിദേശികൾ ഈ സീസണിലെത്തിയിരുന്നത്. കൊവിഡിന് ശേഷം വിദേശവിനോദ സഞ്ചാരികളുടെ വരവ് മെച്ചപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ടുമാസമായി ഇതും കുറഞ്ഞിട്ടുണ്ട്

2.ഹൗസ് ബോട്ട് ടൂറിസവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് ആലപ്പുഴയിലാണ്. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ മേഖല പ്രതിസന്ധിയിലാണ്

3.ടൂറിസ്റ്റുകളുടെ വരവിലുണ്ടായ കുറവ് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ടാക്സി, ഹോം സ്റ്റേ തുടങ്ങിയ വ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്. ജൂലായിൽ ആരംഭിക്കുന്ന മൺസൂൺ ടൂറിസം സീസണിലാണ് ഇനി പ്രതീക്ഷ

കഴിഞ്ഞ സീസണിലെ നാലിലൊന്ന് സഞ്ചാരികൾ പോലും ഇത്തവണ എത്തിയിട്ടില്ല

- ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , ആലപ്പുഴ

ആലപ്പുഴയിലെത്തിയ വിനോദസഞ്ചാരികൾ

2023

ആഭ്യന്തര സഞ്ചാരികൾ- 642817

വിദേശികൾ-15065

2024

ആഭ്യന്തര സഞ്ചാരികൾ-106745

വിദേശികൾ-2355