sexual-assault

കാൻബെറ: രാത്രി കറങ്ങാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണവുമായി ഓസ്‌ട്രേലിയൻ എംപി ബ്രിട്ടാനി ലോഗ. ഇൻസ്റ്റഗ്രാമിലൂടെയാണ് എംപിയുടെ ആരോപണം. തന്റെ മണ്ഡലമായ ക്വീൻസ്‌ലാൻഡിലെ യെപ്പൂണിൽ വച്ചാണ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോഗ്യ സഹമന്ത്രി കൂടിയായ ബ്രിട്ടാനി ലോഗയുടെ വെളിപ്പെടുത്തൽ.

sexual-assault

'ഇത് ആർക്കും സംഭവിക്കാം, ദാരുണമായി... നമ്മിൽ പലർക്കും ഇത് സംഭവിക്കുന്നു,'- എന്നും മുപ്പത്തിയേഴുകാരി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏപ്രിൽ 28നാണ് സംഭവം. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും, പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. മയക്കുമരുന്ന് ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും തന്നെ ആക്രമിച്ചവരും ലഹരി ഉപയോഗിച്ചിരിക്കാമെന്നും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ ഓസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ പ്രദേശത്ത് സമാന രീതിയിലുള്ള മറ്റ് സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, എംപിയുടെ ആരോപണങ്ങൾ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ക്വീൻസ്‌ലാൻഡ് മന്ത്രി മേഗൻ സ്‌കാൻലോൺ പ്രതികരിച്ചു. 'ബ്രിട്ടാനി എന്റെ സഹപ്രവർത്തകയാണ്, സുഹൃത്താണ്, ക്വീൻസ്‌ലാൻഡിലെ എംപിയാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിനും അക്രമങ്ങൾ തടയുന്നതിനും സർക്കാർ കഴിയുന്നതെല്ലാം ചെയ്യും'-മന്ത്രി കൂട്ടിച്ചേർത്തു.