attack

റാന്നി : ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിക്കുകയും മൂക്കുപൊത്തിപ്പിടിച്ച് ശ്വാസംമുട്ടി​ക്കുകയും മർദ്ദിക്കുകയും ചെയ്തതിന് യുവാക്കളെ റാന്നി പൊലീസ് അറസ്റ്റുചെയ്തു. റാന്നി പഴവങ്ങാടി കരികുളം മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖിന് (32) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വടശ്ശേരിക്കര ചെറുകുളഞ്ഞി മധുരംകോട് വീട്ടിൽ വിഷ്ണുകുമാർ (30), പഴവങ്ങാടി ഐത്തല താഴത്തേതിൽ വീട്ടിൽ ജേക്കബ് തോമസ് (31) എന്നിവരാണ് പിടിയിലായത്.


ഇട്ടിയപ്പാറ കോളേജ് റോഡിലെ ബാറിൽ വെള്ളി​യാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബാറിന്റെ കൗണ്ടറിൽ നിന്ന വിശാഖിനെ മുൻവിരോധം കാരണം ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റിയപ്പോൾ ഇരുവരും ചേർന്ന് പാർക്കിംഗ് ഏരിയയിൽ എത്തിച്ച വിശാഖിനെ ക്രൂരമായി​ ആക്രമി​ച്ചു. അതി​ക്രമത്തി​നി​ടെ വി​ശാഖി​ന്റെ വായുടെ വലതുവശം മുറിഞ്ഞുതൂങ്ങി​. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴി​യുന്ന വിശാഖിന്റെ മൊഴി റാന്നി പൊലീസ് രേഖപ്പെടുത്തി. പ്രതികളെ ബാറിന് സമീപത്തുനിന്ന് പൊലീസ്
ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായി​രുന്നു. പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ കസ്റ്റഡി​യി​ലെടുത്തു. അറസ്റ്റി​ലായവർ മുമ്പ് രണ്ടുവീതം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.