ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കാലാവസ്ഥയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എ സി കടകളിലൊക്കെ വലിയ തിരക്കാണ്. കടംവാങ്ങി വരെയാണ് എസി വാങ്ങുന്നത്. എന്നാൽ ഇതുമൂലമുണ്ടാകുന്ന കറണ്ട് ബില്ല് ചില്ലറയൊന്നുമല്ല നമ്മുടെ ബഡ്ജറ്റ് താളം തെറ്റിക്കുന്നത്.
മട്ടുപ്പാവിൽ പച്ചക്കറികളും മറ്റും നട്ട് ചൂടിന്റെ തീവ്രത കുറക്കാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ ഫ്രിഡ്‌ജും കൂളറും ഉപയോഗിച്ച് അകത്തളം തണുപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഷീറ്റിട്ടതാണ് യുവാവിന്റെ വീട്. നിലത്ത് ഒരു തുണി വിരിച്ച് ആശ്വാസത്തോടെ കിടന്നുറങ്ങുന്ന യുവാവാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ചുട്ടുപൊള്ളുന്ന ചൂടിൽ എങ്ങനെ ഇങ്ങനെ കൂളായി കിടക്കാൻ പറ്റുന്നുവെന്ന് ചോദിക്കാൻ വരട്ടെ, കൂളറിന് മുന്നിലാണ് യുവാവിന്റെ ഉറക്കം. മാത്രമല്ല കൂളറിന് പിന്നിലായി തുറന്നിട്ടിരിക്കുന്ന ഫ്രിഡ്‌ജും കാണാം.
ഫ്രിഡ്‌ജിലെ തണുപ്പ് കൂളറിലൂടെ റൂമിലൊന്നാകെ കിട്ടുമെന്നും, അതുവഴി മുറി മുഴുവൻ കൂളാകുമെന്നുമാണ് യുവാവിന്റെ കണ്ടുപിടിത്തം. റഫ്രിജറേറ്റർ എ സിയായി പ്രവർത്തിക്കുന്നതെങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം രണ്ട് മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജ് കേടാകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എ സി വാങ്ങാൻ കഴിവില്ലാത്തവർക്ക് ഇതൊക്കെയാണ് ഒരു ആശ്വാസം എന്ന് പറയുന്നവരുമുണ്ട്.
How to use your refrigerator as air conditio pic.twitter.com/QAW8QWLWmx
— Eminent Woke (@WokePandemic) April 30, 2024