കനത്ത ചൂടിൽ മനുഷ്യരും മൃഗങ്ങളും മാത്രമല്ല,ചെടികളും വെന്തുരുകുകയാണ്. നെല്ലിന് തൂക്കക്കുറവ്, വെള്ളക്കതിർ, പച്ചക്കറിക്ക് ഫംഗസ് ബാധ, കൂമ്പ് ചീയൽ എന്നിവ ഉഷ്ണതരംഗത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളാണ്. കൃഷിയിറക്കുമ്പോഴുള്ള മഞ്ഞുവീഴ്ചയും കൊയ്യുന്നതിന് മുൻപേ തുടങ്ങിയ കൊടുംചൂടുമാണ് നെല്ല് പതിരിന്റെ കനമാകാൻ കാരണം.
പലരും കൊയ്ത്ത് പൂർത്തിയാക്കിയതോടെയാണ് വലിയ രീതിയിൽ വിളവിനെ ബാധിച്ചതായി തിരിച്ചറിയുന്നത്. ഇതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ വൻ നഷ്ടമാണ് നേരിടുന്നത്. വായ്പയെടുത്ത് കൃഷിയിറക്കിയവരും നട്ടം തിരിയുന്നു. ഒരു ഏക്കർ കൊയ്താൽ ഒരു ടൺ നെല്ല് ലഭിക്കാത്തവരും ഏറെയുണ്ട്.
ഒരു ഏക്കർ കൃഷി ചെയ്യാൻ ചെലവ്: 30,000
കഴിഞ്ഞ സീസണിൽ ലഭിച്ചത്: 2,600 കിലോഗ്രാം വരെ
ഈയാണ്ടിൽ കിട്ടിയത്: 2,000 കിലോഗ്രാം മാത്രം
ഓരോ ഏക്കറിലും തൂക്കവ്യത്യാസം: 600 കിലോഗ്രാം
കീടശല്യവും രൂക്ഷം
വിത്തിന്റെ ഗുണമേന്മ കുറഞ്ഞതോടെ പുഴുശല്യം, ഓലകരിച്ചിൽ, തണ്ടുതുരപ്പന്റെ ആക്രമണം തുടങ്ങിയ രോഗങ്ങളും കൂടി. ഇതെല്ലാം നെല്ലിന്റെ വളർച്ചയെ ബാധിച്ചു. രോഗപ്രതിരോധത്തിനായി മരുന്നു തളിക്കാനും കർഷകർക്ക് ചെലവേറി. നിർദ്ദേശിക്കപ്പെട്ട കീടനാശിനികൾ പലതും ഫലം ചെയ്തില്ല.
പച്ചക്കറിയിലും
മലയോര മേഖലയിൽ കൂമ്പുചീയലും ഫംഗസ് ബാധയും പച്ചക്കറി കൃഷിയെ നശിപ്പിക്കുകയാണ്. കനത്ത ചൂടിൽ തോട്ടം കരിഞ്ഞുണങ്ങി. ഇലകളും വേരും കരിഞ്ഞുണങ്ങി. കവുങ്ങ്, തെങ്ങ് വിളകളും ഉത്പാദനം കുറഞ്ഞു.
കാർഷിക സർവകലാശാലാ നിർദ്ദേശങ്ങൾ
നനയ്ക്കുന്നത് അതിരാവിലെയും വൈകിട്ടുമാക്കുക.
ചെടികളുടെ ചുവട്ടിൽ ഇടയകലങ്ങളിൽ പുതയിടുന്നത് ജലനഷ്ടം കുറയ്ക്കും
വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഇനം ഉപയോഗിക്കുക.
വെള്ളം കുറച്ച് മതിയാകുന്ന തുള്ളിനന സംവിധാനം ഉപയോഗിക്കുക.
ജലലഭ്യതയുള്ളപ്പോൾ വിളയുടെ മുകളിലൂടെ വെള്ളം തളിക്കുക.
ജൈവാംശവും സൂക്ഷ്മജീവികളുടെ പ്രവർത്തനവും കൂട്ടുന്നതിന് ജൈവവളം ചേർക്കണം.
ബാഷ്പീകരണ നഷ്ടം കുറയ്ക്കാൻ താഴെയുള്ള ഇലകൾ നീക്കം ചെയ്യുക
പൊട്ടാഷ് വളങ്ങൾ 25% അധികം നൽകുന്നത് നല്ലതാണ്.
വരൾച്ചയെ ചെറുക്കാൻ ബോറോൺ അടങ്ങിയ വളങ്ങൾ ഉപകരിക്കും.
രാസ കീടനാശിനികൾ പ്രയോഗിക്കരുത്.
മേൽമണ്ണ് ഇളക്കിയിടുന്നത് വേനൽമഴയിലെ ജലം സംഭരിക്കാൻ സഹായകമാകും