കൊച്ചി: എറണാകുളം നോർത്തിലെ ഹോസ്റ്റൽ കുളിമുറിയിൽ അവിവാഹിതയായ 22കാരി ആൺകുഞ്ഞിന് ജന്മം നൽകി. കൊല്ലം സ്വദേശിയായ യുവതി ഇന്നലെ രാവിലെയാണ് പരസഹായമില്ലാതെ പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചിൽകേട്ട് വാതിൽപൊളിച്ച് കുളിമുറിയിൽ കയറിയ സഹതാമസക്കാരുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെയും അമ്മയുടെയും ജീവൻ രക്ഷിച്ചത്. പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറൽ ആശുപത്രിയിലാക്കി.
കലൂരിലെ കാൾ സെന്ററിൽ ജോലികിട്ടി മൂന്നരമാസം മുമ്പെത്തിയ യുവതി എറണാകുളം നോർത്തിലെ ഹോസ്റ്റലിൽ അഞ്ച് പേർക്കൊപ്പമായിരുന്നു താമസം. ഹോസ്റ്റലിലോ ജോലിസ്ഥലത്തോ ഗർഭിണിയാണെന്ന കാര്യം അറിയിച്ചിരുന്നില്ല. നിറവയർ കണ്ട് സംശയം തോന്നി ഒപ്പമുള്ളവർ ചോദിച്ചിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്നാണ് പറഞ്ഞത്.
കൊല്ലം സ്വദേശിയായ 32കാരനിൽ നിന്നാണ് ഗർഭിണിയായതെന്ന് യുവതി മൊഴിനൽകി. യുവാവുമായി മൂന്നരവർഷമായി പ്രണയത്തിലാണ്. വിവരമറിഞ്ഞ് 32കാരനും ബന്ധുക്കളും യുവതിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തി. ചികിത്സ പൂർത്തിയായശേഷം കുട്ടിയെയും അമ്മയെയും കൊല്ലത്തേക്ക് കൊണ്ടുപോകാൻ സന്നദ്ധമാണെന്ന് കുടുംബം പൊലീസിനെ അറിയിച്ചു. പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
1.75 കോടിയുടെ
സ്വർണക്കവർച്ച:
5 പേർ അറസ്റ്റിൽ
താനൂർ: മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് ജുവലറികളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ 1.75 കോടിയുടെ സ്വർണം കവർന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്ന് സ്വർണം താനൂരിലേക്ക് ബൈക്കിൽ കൊണ്ടുപോകുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
മലപ്പുറം ജില്ലയിലെ ജുവലറികളിൽ സ്വർണാഭരണങ്ങൾ നൽകാനായി പോകുമ്പോഴായിരുന്നു മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രസിംഗ് റാവു ആക്രമിക്കപ്പെട്ടത്. മഞ്ചേരിയിൽ സ്വർണം നൽകിയ ശേഷം കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്നു. താനൂരിൽ പുതുതായി തുടങ്ങുന്ന ജുവലറിയിലേക്ക് സ്വർണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്റെ ഫോൺ സന്ദേശമെത്തിയതായി റാവു പറയുന്നു.
തുടർന്ന് ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കാറിലെത്തിയ സംഘം റാവുവിനെ മർദ്ദിച്ച ശേഷം സ്വർണം കവരുകയായിരുന്നു. സ്വർണാഭരണ നിർമ്മാണ ശാലയുടെ പാർട്ണറായ പ്രവീൺ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂർ പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്.