real-madrid

തങ്ങളുടെ 36-ാം സ്പാനിഷ് ലാ ലിഗ കിരീ‌ടം സ്വന്തമാക്കി റയൽ മാഡ്രിഡ്

റയൽ കിരീടത്തിലെത്തിയത് സീസണിൽ നാലുമത്സരങ്ങൾ ശേഷിക്കേ

മാഡ്രിഡ് : സ്പാനിഷ് ലാ ലി​ഗ ഫുട്ബാളിൽ തങ്ങളുടെ 36-ാമത് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് . കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ബാഴ്സലോണ 2-4ന് ജിറോണയോട് പരാജയപ്പെട്ടതോടെയാണ് റയലിന്റെ കിരീടം ഉറപ്പായത്. ഇതോടെ റയൽ പോയിന്റ് പട്ടികയിൽ ബാഴ്സയെത്താ ദൂരത്തെത്തുകയായിരുന്നു. ബാഴ്സയും ജിറോണയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പ് കാഡിസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ തോൽപ്പിച്ചിരുന്നു. ലീ​ഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. റയലിന്റെ 36-ാം ലാ ലി​ഗ കിരീടമാണിത്. ഏറ്റവും കൂടുതൽ ലാ ലി​ഗ കിരീടങ്ങൾ നേടിയ റെക്കാഡിന് ഉടമകളാണ് റയൽ മാഡ്രിഡ്.

ജിറോണയോട് തോറ്റത് ബാഴ്സലോണയ്ക്ക് രണ്ടാം സ്ഥാനവും നഷ്ടപ്പെടുത്തി. റയലിന് 34 മത്സരങ്ങളിൽനിന്ന് 87 പോയിന്റായി. ബാഴ്സയെ തോൽപ്പിച്ചതോടെ ജിറോണയ്ക്ക് 34 മത്സരങ്ങളിൽനിന്ന് 74 പോയിന്റായി. ബാഴ്സലോണയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 73 പോയിന്റാണുള്ളത്. ജിറോണയ്ക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സയ്ക്ക് പരമാവധി 85 പോയിന്റിലും മാത്രമേ എത്താൻ സാധിക്കൂ. ഇതാണ് റയലിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.

ഇനി ലക്ഷ്യം

ചാമ്പ്യൻസ് ലീഗ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുകയാണ് റയലിന്റെ അടുത്ത ലക്ഷ്യം. കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദസെമിയിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കുമായി 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. ബുധനാഴ്ച രാത്രിയാണ് രണ്ടാം പാദ സെമി. റയലിന്റെ തട്ടകത്തിലാണ് ഈ മത്സ‌രം നടക്കുന്നത്.

36

ഏറ്റവും കൂടുതൽ തവണ സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരായ ക്ളബാണ് റയൽ മാഡ്രിഡ്. 27 തവണ കിരീടം നേടിയിട്ടുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.

1

മത്സരത്തിൽ മാത്രമാണ് ഈ സീസൺ ലാ ലിഗയിൽ ഇതുവരെ റയൽ തോറ്റത്. കളിച്ച 34 മത്സരങ്ങളിൽ 27 എണ്ണത്തിലും ജയിക്കുകയും ആറെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്തു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റയൽ ലാ ലിഗ കിരീ‌ടം നേടുന്നത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണയായിരുന്നു ജേതാക്കൾ.

25

റയൽ മാഡ്രിഡിന്റെ വെറ്ററൻ താരം ലൂക്ക മൊഡ്രിച്ച് ക്ളബിനൊപ്പം നേടുന്ന 25-ാമത്തെ കിരീടമാണിത്.

6

യൂറോപ്പിലെ വിവിധ ലീഗുകളിൽ ആറാമത്തെ കിരീടമാണ് റയൽ കോച്ച് കാർലോ ആഞ്ചലോട്ടി നേ‌ടിയത്. റയലിനെ ലാ ലിഗ ജേതാക്കളാക്കുന്നത് രണ്ടാം തവണ. 2021 - 22 സീസണിലാണ് ഇതിന് മുമ്പ് ജേതാക്കളാക്കിയത്. 2013-14, 2021 - 22 സീസണുകളിൽ റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാക്കി.

1931–32
1932–33
1953–54
1954–55
1956–57
1957–58
1960–61
1961–62
1962–63
1963–64
1964–65
1966–67
1967–68
1968–69
1971–72
1974–75
1975–76
1977–78
1978–79
1979–80
1985–86
1986–87
1987–88
1988–89
1989–90
1994–95
1996–97
2000–01
2002–03
2006–07
2007–08
2011–12
2016–17
2019–20
2021 - 22 സീസണുകളിലാണ് ഇതിന് മുമ്പ് റയൽ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്.