ധരംശാല: അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും പഞ്ചാബിനോട് തോല്‍വി വഴങ്ങിയ നാണക്കേട് കഴുകിക്കളഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. വിജയലക്ഷ്യമായ 168 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന്റെ മറുപടി ഒരു വിക്കറ്റ് ശേഷിക്കെ 28 റണ്‍സ് അകലെ അവസാനിച്ചു. 43 റണ്‍സും മൂന്ന് വിക്കറ്റും വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തോല്‍വിയോടെ മുംബയ്ക്ക് പിന്നാലെ പഞ്ചാബും പ്ലേഓഫ് കാണാതെ പുറത്തായി.
സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 167-9 (20), പഞ്ചാബ് കിംഗ്‌സ് 139-9 (20)
168 റണ്‍സെന്ന താരതമേന്യ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് വേണ്ടി നിലയുറപ്പിച്ച് കളിക്കാന്‍ ആരുമില്ലാതെ പോയത് അവര്‍ക്ക് വിനയായി. 23 പന്തില്‍ 30 റണ്‍സ് എടുത്ത ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിംഗ് ആണ് ടോപ് സ്‌കോറര്‍. ജോണി ബെയിര്‍സ്‌റ്റോ 7(6) റൈലി റുസോവ് 0(3), ശശാങ്ക് സിംഗ് 27(20), ക്യാപ്റ്റന്‍ സാം കറന്‍ 7(11), ജിതേഷ് ശര്‍മ്മ 0(1), അഷുതോഷ് ശര്‍മ്മ 3(10) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. വാലറ്റത്ത് രാഹുല്‍ ചഹാര്‍ 16(10), ഹര്‍ഷല്‍ പട്ടേല്‍ 12(13), ഹര്‍പ്രീത് ബ്രാര്‍ 17*(13) കാഗിസോ റബാഡ 11*(10) എന്നിവരുടെ പ്രകടനങ്ങളാണ് പഞ്ചാബ് സ്‌കോര്‍ 100 കടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് ഓപ്പണര്‍ അജിങ്ക്യ റഹാനെ 9(7) യുടെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. റുതുരാജ് ഗോയ്ക്‌വാദ് 32(21), ഡാരില്‍ മിച്ചല്‍ 30(19), എന്നിവര്‍ പവര്‍പ്ലേയില്‍ സ്‌കോര്‍ 69 വരെ എത്തിച്ചു. പിന്നീട് ക്യാപ്റ്റന്‍ റുതുരാജും ശിവം ദൂബെ 0(1)യും പുറത്തായപ്പോള്‍ ചെന്നൈ 69ന് മൂന്ന്. മൊയീന്‍ അലി 17(20), മിച്ചല്‍ സാന്റ്‌നര്‍ 11(11), ശാര്‍ദുല്‍ താക്കൂര്‍ 17(11) എന്നിവര്‍ക്കൊപ്പെ രവീന്ദ്ര ജഡേജ 43(26) സ്‌കോര്‍ 160 കടത്തി. ധോണി 0(1) ഗോള്‍ഡന്‍ ഡക്കായി പുറത്തായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രാഹുല്‍ ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും ചേര്‍ന്നാണ് ചെന്നൈയെ 167 എന്ന സ്‌കോറില്‍ പിടിച്ച് നിര്‍ത്തിയത്. ജയത്തോടെ 11 കളികളില്‍ നിന്ന് ആറ് ജയവും അഞ്ച് തോല്‍വിയും സഹിതം 12 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിംഗ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ടെണ്ണം വിജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫില്‍ പ്രവേശിക്കാന്‍ കഴിയും. രാജസ്ഥാന്‍, ഗുജറാത്ത്, ആര്‍സിബി എന്നിവര്‍ക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങള്‍.