തിരുവനന്തപുരം: കനത്ത വേനലില്‍ വൈദ്യുതി ഉപയോഗം പരമാവധിയാണ്. പീക്ക് ലോഡ് എന്ന അവസ്ഥയില്‍ സര്‍വകാല റെക്കോഡിലാണ് മലയാളിയുടെ പ്രതിദിന വൈദ്യുതി ഉപയോഗം. 24 മണിക്കൂറും നിര്‍ത്താതെ ഫാനും എയര്‍ കണ്ടീഷനും പ്രവര്‍ത്തിക്കുന്നതോടെ നിരവധി സ്ഥലങ്ങളില്‍ ഓവര്‍ലോഡ് കാരണം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നുണ്ട്. ഈ ഉരുകുന്ന വേനല്‍ചൂടില്‍ കറന്റ് കട്ട് കൂടി വരുന്നത് സഹിക്കാനാകാതെ ജനങ്ങള്‍ കൂട്ടത്തോടെയെത്തി വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന നിരവധി സംഭവങ്ങളും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മനുഷ്യത്വമില്ലാതെ മനപൂര്‍വം ചെയ്യുന്നതല്ലെന്നും അമിത ഉപയോഗം കാരണം ഓവര്‍ലോഡ് ആകുകയും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നതുമാണെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ പ്രതിഷേധം കുറയ്ക്കാന്‍ പോന്നതല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത വൈദ്യുതി ബില്‍ വരുമ്പോള്‍ മലയാളിയുടെ കണ്ണ് തള്ളുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് വേണ്ടി വൈദ്യുതി ഈ ചൂട്കാലത്ത് നമ്മള്‍ ഉപയോഗിച്ച് കഴിഞ്ഞു.
ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ വൈദ്യുതി പ്രതിസന്ധി അനുഭവപ്പെടാതെ രക്ഷപ്പെടാമെന്ന് കെ.എസ്.ഇ.ബി പറയുന്നുണ്ട്. അതോടൊപ്പം തന്നെ പോക്കറ്റിലെ പണവും ഒന്ന് ശ്രദ്ധിച്ചാല്‍ ലാഭിക്കാന്‍ കഴിയും. വീടുകളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെയുള്ള പീക്ക് ടൈമില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍, പമ്പുകള്‍, വാഷിംഗ് മെഷീന്‍ എന്നിവ ഉപയോഗിക്കാതിരിക്കുക. വീടുകളിലും ഓഫീസുകളിലും എയര്‍കണ്ടീഷണറിന്റെ താപനില 25 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യാം. ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി അധികം വേണ്ടിവരും.
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലും ഈ പറഞ്ഞ കാര്യം ബാധകമാണ്. വൈദ്യുത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഊര്‍ജ്ജകാര്യക്ഷമത കൂടിയവ വാങ്ങാന്‍ ശ്രദ്ധിക്കണം. ഏറ്റവും ഊര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാര്‍ ലേബലിംഗ് ആണ് ഉള്ളത്. അത് വാങ്ങുക വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാം. വൈദ്യുത ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതും കാലപ്പഴക്കം പരിശോധിക്കുന്നതും വൈദ്യുതി ബില്ലിനെ കാര്യമായി സ്വാധീനിക്കും. വൈദ്യുതി പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും ഗുണകരമായിരിക്കും.