തിരുവനന്തപുരം: കിഴക്കേകോട്ടയിൽ വരുന്നവർക്ക് മൂത്രശങ്കയുണ്ടായാൽ പെട്ടതുതന്നെ. ദിവസവും ആയിരക്കണക്കിന് പേർ വരുന്ന കിഴക്കേകോട്ടയിൽ പൊതു ടോയ്‌ലെറ്റില്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. കിഴക്കേകോട്ടയ്ക്കകം,ഗാന്ധിപാർക്ക്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഒന്നുംതന്നെ പൊതു ടോയ്‌ലെറ്റില്ല. അതിനാൽ കിഴക്കേകോട്ടയിലെ ഫുട്ട്ഓവർബ്രിഡ്ജിന് താഴെയും,ഗാന്ധിപാർക്കിനു ചുറ്റമുള്ള നടപ്പാതയും വൃത്തിഹീനമായി കിടക്കുകയാണ്.
തീർത്ഥപാദ മണ്ഡപത്തിനടുത്തെ ഓട്ടോസ്റ്റാൻഡിനോടു ചേർന്നയിടത്താണ് തുറന്ന രീതിയിലുള്ള ടോയ്‌ലെറ്റുള്ളത്. ഈ പരിസരം വൃത്തിഹീനവും ദുർഗന്ധവുമാണ്. ഇവിടെ മൂത്രം ഒഴിക്കരുതെന്ന് മതിലിൽ എഴുതിവച്ചിട്ടുണ്ടെങ്കിലും ആരും അത് വകവയ്ക്കാറില്ല. ഈ പരിസരങ്ങളിൽ ഒരിടത്തും തന്നെ പൊതു ടോയ്‌ലെറ്റില്ലാത്തതിനാലാണ് തൊഴിലാളികൾ താത്കാലിക ഓപ്പൺ ടോയ്‌ലെറ്റ് ഇവിടെ നിർമ്മിച്ചത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമീപത്താണ് ഇത്തരമൊരു അവസ്ഥ.
കിഴക്കേകോട്ടയിൽ പൊതു ടോയ്‌ലെറ്റുള്ളത് പുത്തരിക്കണ്ടം മൈതാനത്തിനുള്ളിലാണ്. ഇത് അധികം പേർക്കും അറിയില്ല. കിഴക്കേകോട്ട പരിസരത്ത് വരുന്നവർക്ക് മൈതാനം വരെ പോകാൻ ബുദ്ധിമുട്ടുള്ളതായി കച്ചവടക്കാർ പറയുന്നു. ടോയ്‌ലെറ്റില്ലാത്തത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്.