ആലപ്പുഴ : വിഷുവിന് ഇത്തവണ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍ വിഷരഹിത പച്ചക്കറി. 150.30 ഹെക്ടറില്‍ നിന്നാണ് ഇത്രയും പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കിയത്. ജില്ലയിലെ പച്ചക്കറി കൃഷിക്കൂട്ടങ്ങളും മൂല്യവര്‍ദ്ധിത കൃഷിക്കൂട്ടങ്ങളുമാണ് വേനല്‍ക്കാല പദ്ധതിയിലൂടെ കൃഷിയിറക്കിയത്. വേനലിന് അനുകൂലമായ വെണ്ട, വഴുതന, പാവല്‍, പീച്ചില്‍, പടവലം, പച്ചമുളക്, പയര്‍, ചീര, കുമ്പളം, വെള്ളരി, കുറ്റിപ്പയര്‍, മഞ്ഞള്‍, ഇഞ്ചി, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍. പ്രതീക്ഷിച്ച വിളവുണ്ടായില്ല.
3,000 ടണ്‍ ലക്ഷ്യമിട്ട് കൃഷിക്കിറങ്ങിയ കര്‍ഷകര്‍ക്ക് നേര്‍പകുതിപോലും വിളവെടുക്കാന്‍ കഴിഞ്ഞില്ല. അസഹ്യമായ ചൂടും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റവും വേനല്‍മഴയുടെ ലഭ്യതക്കുറവുമാണ് തിരിച്ചടിയായതെന്ന് കര്‍ഷകര്‍ പറയുന്നു.
വിളവില്‍ മുമ്പന്‍ വെള്ളരി
1.ഇത്തവണത്തെ 903 ടണ്‍ വെള്ളരി ഇനമാണ് വിളവെടുത്തത്. ഹെക്ടറില്‍ 12 ടണ്‍ വരെ വിളവ് ലഭിച്ചു. തണ്ണിമത്തന്‍, വെള്ളരി, പൊട്ടുവെള്ളരി ഇനങ്ങളായിരുന്നു അധികവും
2. വിത്തും വളവും സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതിനാല്‍ വിപണിയിലെ വിലയിടിവും ഉത്പ്പാദനക്കുറവും ബാധിച്ചില്ല. കൃഷിക്കാര്‍ക്ക് അദ്ധ്വാനത്തിന് ആനുപാതികമായ നേട്ടമുണ്ടായി
3.നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വിപണന കേന്ദ്രങ്ങളിലെ സംഭരണത്തിലൂടെ 2500 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു.
പച്ചക്കറി കൃഷി
കൃഷിയിറക്കിയത് : 150.30 ഹെക്ടറില്‍
ലക്ഷ്യം : 3,000 ടണ്‍
ഉത്പാദിപ്പിച്ചത്: 1273ടണ്‍
വെള്ളരി ഉത്പാദനം : 903ടണ്‍
പ്രതികൂല കാലാവസ്ഥയിലും വിഷു ലക്ഷ്യമിട്ട് 150.30ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കാനും 1273 ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാനും കഴിഞ്ഞു. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്ക്
കൃഷിവകുപ്പ് സഹായം അനുവദിച്ചതിനാല്‍ കര്‍ഷര്‍ക്ക് നഷ്ടം ഉണ്ടായില്ല
- സുജാഈപ്പന്‍, കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍